Saturday, December 19, 2020

ഒട്ടുമാവ്

 

 


അതെന്താ പിച്ചേട്ടാ ഇതിനെ ഒട്ടുമാവ് എന്നു  വിളിക്കുന്നെ? ഇതേ തൊട്ടാൽ കൈ ഓട്ടുമൊ ? ഹാഫ് സാരിയുടെ വാൽ വിരൽകൊണ്ട് ചുറ്റിപിടിച്ചു രുക്മിണികുട്ടി ചോദിച്ചു

 

നട്ട ഒട്ടുമാവിന്റെ ചുവട്ടിൽ കുറച്ചു വെള്ളം കൂടെ ഒഴിച്ച് ഒന്നുകൂടെ അതിന്റെ മൂട് മണ്ണിലേക്ക് അമർത്തി ഭാസ്കരൻ അവളെ തുറിച്ചു നോക്കി. നീ എന്തിനാടി പെണ്ണെ ഈ സ്കൂളിൽ ഒക്കെ പോയത്.. ഒട്ടുമാവിൽ തൊട്ടാൽ ഒട്ടുമോ  എന്ന്. കഷ്ട്ടം !

 

രുക്മിണിയുടെ മുഖം കറുത്തു .

 

എടി നീ ആദ്യമി പിച്ചേട്ടാ എന്നുള്ള വിളി നിർത്തു, ഞാൻ ഏതോ പിച്ചക്കാരൻ അന്നെന്നു കേൾക്കുന്നവർ വിചാരിക്കും. ഇരുമ്പു തൊട്ടിയിൽ ബാക്കി ഉണ്ടാരുന്ന വെള്ളത്തിൽ കൈ മുക്കി തോളത്തു കിടന്ന തോർത്തിൽ തുടച്ചു ഭാസ്കരൻ പറഞ്ഞു.

 

ശീലിച്ചു പോയെല്ലേ പിച്ചേട്ടാ ... ഇനി എങ്ങനെ മറ്റും, രുക്മിണി മുഖം ചുളിച്ചു പറഞ്ഞു.

 

ഭാസ്കരൻ ചിരിച്ചു

 

ഇതു എപ്പോൾ കായ്ക്കും ? രുക്മിണിയുടെ അടുത്ത ചോദ്യം

 

നാളെ രാവിലെ പത്തു മണിക്, തികഞ്ഞ ഗൗരവത്തിൽ ഭാസ്കരൻ പറഞ്ഞു

 

ശെരിക്കും? ഹായ് രുക്മിണിക്കു സന്തോഷമായി

 

എടി നിനക്ക് ശരിക്കും പതിനാറു വയസ്സായോ? സത്യം പറ, രുക്മിണിയുടെ തലയിൽ ഒന്ന് മെല്ലെ തട്ടി ഭാസ്കരൻ ചോദിച്ചു

 

രുക്മിണിക്കു കാര്യം അപ്പോഴും മനസിലായില്ല

 

എന്ന് കയ്ച്ചാലും എത്ര കയ്ച്ചാലും നിനക്കുള്ളതല്ലേ, രുക്മിണിയുടെ കണ്ണുകളിൽ നോക്കി ഭാസ്കരൻ പറഞ്ഞു

 

ആണോ ….? … ശരിക്കും….? രുക്മിണി ചോദിച്ചു തീരും മുൻപേ അവളുടെ അമ്മയുടെ വിളി വന്നു.. രുക്മിണിക്കുട്ടീ ...

 

ഞാൻ നാളെ പത്തുമണിക്ക് വരാമേ, ഓടുന്നതിന്റെ ഇടയിൽ രുക്മിണി ഭാസ്കരാനോട് വിളിച്ചു പറഞ്ഞു .

 

 

------------------------------------------------------------------------------------------------------

 

ഒറ്റ തടി, സുഖ ജീവിതം. കൃഷി, ഭക്ഷണം, ഉറക്കം. ആ ഭാസ്കരൻ ഭാഗ്യവാൻ തന്നെ. പോരാത്തതിന് ഉടനെ തന്നെ രുക്മിണിയായി പറഞ്ഞു വച്ച കല്യാണവും നടന്നേക്കും. വരമ്പത്തൂടെ നടന്നു പോകുന്ന ഭാസ്കരനെ നോക്കി കറവക്കാരൻ പത്രോസ് പറഞ്ഞു.

 

നിനക്ക് പോയി വല്ല പശൂനേം കറന്നാ പോരെ, എന്തിനാ അവനെ നോക്കി വെള്ളം ഇറക്കുന്നേ ? കയ്യിൽ എടുത്ത മൂക്കിൽപൊടി ആഞ്ഞു വലിച്ചു വിമ്മിഷ്ട്ടം കാണിച്ചുകൊണ്ട് കുറുപ്പുമാഷ് ചോദിച്ചു.

 

കുറുപ്പുമാഷ് തുമ്മുമോ ഇല്ലയോ എന്ന് ആ ആൽത്തറയിലെ അക്ഷരശ്ലോക സംഘം ഒന്നിച്ചു നോക്കി നിന്നു, കുറുപ്പുമാഷ് മുഖം കൊണ്ട് ഗോഷ്ഠി കാണിച്ചതല്ലാതെ അപ്പോഴും തുമ്മിയില്ല

 

 

ആകാശങ്ങളെയണ്ഡരാശികളൊടും ഭക്ഷിക്കുമാകാശമായ്‌

ഈ കാണുന്ന സഹസ്രരശ്മിയെയിരുട്ടാക്കും പ്രഭാസാരമായ്‌

ശോകാശങ്കയെഴാത്ത....

 

ഒന്നും പ്രതേകിച്ചു സംഭവിക്കാത്ത പോലെ കുറുപ്പുമാഷ് അക്ഷരശ്ലോകത്തിലേക്കു കടന്നു..

 

------------------------------------------------------------------------------------------------------

 

പിച്ചേട്ടാ.. എന്നെ പറ്റിച്ചതാണല്ലേ ഇന്നലെ? ഞാൻ കൃത്യം പത്തുമണിക്ക് പോയി നോക്കിയല്ലോ. മാങ്ങാ പോയിട്ടു ഒരു മാമ്പൂ പോലും ആ ഒട്ടുന്ന മാവിൽ വന്നിട്ടില്ല.. രുക്മിണി പറഞ്ഞു

 

അവളുടെ നിഷ്കളങ്കമായ മുഖത്തു നോക്കി എന്തു പറയണം എന്ന് അറിയാതെ ഭാസ്കരൻ വടിപോലെ നിന്നുപോയി .

 

നിനക്ക് മാങ്ങാ കിട്ടിയാ പോരെ ? ശരിയാക്കാം ചെറുവിരൽ വായുവിൽ കറക്കി ഭാസ്കരൻ ഗൗരവത്തിൽ പറഞ്ഞു. വാ..

 

മുണ്ടും മടക്കിക്കുത്തി നെഞ്ചും വിരിച്ചു ഭാസ്കരൻ നടന്നു. ഒന്ന് ആലോചിച്ചിട്ട് രുക്മിണിയും പിറകെ ഓടി , പിച്ചേട്ടാ പതുക്കെ നടക്കു അവൾ പറഞ്ഞു.

 

ആറ്റുമാലിക്ക് നിൽക്കുന്ന മൂവ്വാണ്ടൻ മാവിന്റെ ചുവട്ടിൽ കണ്ണും മിഴിച്ചു നിൽക്കുന്ന രുക്മിണികുട്ടിയുടെ തോളത്തു തട്ടി ഭാസ്കരൻ പറഞ്ഞു, ഇന്ന പിടി, ഈ തോട്ടി അങ്ങോട്ടി പിടിക്ക്. എന്നിട്ടു ദാ ആ കാണുന്ന പഴുത്ത മാങ്ങാ നീ പറിക്കു, താഴെ വീഴാതെ ഞാൻ പിടിക്കാം.

 

രുക്മിണിയെ തോട്ടി ഏല്പിച്ചു, വളർന്നു വരുന്ന കുംഭയിൽ മെല്ലെ തലോടി ഭാസ്കരൻ തയ്യാറെടുത്തു .

 

കയ്യിൽ കിട്ടിയ തോട്ടി ആകുന്ന വിധത്തിൽ നീട്ടിപിടിച്ചു രുക്മിണി ശ്രമം തുടങ്ങി. ഇളംവെയിലടിച്ചപ്പോ അവളുടെ മുഖം തിളങ്ങുന്നതായി ഭാസ്കരന് തോന്നി

 

പിച്ചേട്ടാ, വിളികേട്ടു ഭാസ്കരൻ ഒന്ന് ഞട്ടി ഉണർന്നപോലെ അവളെ  നോക്കി.

 

എനിക്ക് എത്തുന്നില്ല പിച്ചേട്ടാ.. എന്നെ ഒന്ന് പൊക്കിയെ.

 

ഭാസ്കരൻ ഒന്നു മടിച്ചു, … പയ്യെ ചുറ്റും നോക്കി

 

ഒന്ന് വേഗം വാ പിച്ചേട്ടാ,  അമ്മ എന്നെ ഇപ്പൊ വിളിക്കും തിരികെ, ….. പെട്ടെന്ന് വന്നേ പിച്ചേട്ടാ.  രുക്മിണി വിളിയുടെ വിളിയുടെ ശക്തി കൂട്ടി

 

ഭാസ്കരൻ തെല്ലു മടിയോടെ അവളുടെ അടുത്തെക് ചെന്നു നിന്നു

 

പോക്ക് പോക്ക്, പെട്ടെന്ന് ഒന്ന് പോക്ക് പിച്ചേട്ടാ അവൾ പിന്നെയും പിണക്കം നിറഞ്ഞ സ്വരത്തിൽ പറഞ്ഞു

 

ഭാസ്കരൻ അധികം ആലോചിക്കാതെ രുക്മിണിയെ പയ്യെ പൊക്കി. അവളുടെ വാസന സോപ്പിന്റെ ഗന്ധം ഭാസ്കരന്റെ മൂക്കിലൂക്കിലുടെ തുളച്ചു കയറി.

 

ബ്ലും! അയ്യോ പിച്ചീട്ടാ ദേ മാങ്ങാ ആറ്റിൽ പോയി. രുക്മിണിയുടെ നിലവിളി കേട്ട് പിന്നെയും സ്വബോധത്തിൽ വന്ന ഭാസ്കരൻ അവളെ താഴെ നിർത്തി .

 

കിടന്നു കരയാതെ പെണ്ണെ! ഭാസ്കരൻ തോട്ടി എടുത്തു ആറ്റിൽ തത്തികളിക്കുന്ന മാങ്ങാ കരക്ക്‌ അടുപ്പിച്ചു. രുക്മിണി ഓടിവന്നു അത് എടുത്തു വീട്ടിലേക്കോടി...

 

ഇതു ഞാൻ എടുക്കുവാണേ…. പിച്ചേട്ടൻ വേറെ പറിച്ചോ എന്ന് അവൾ വിളിച്ചു പറഞ്ഞു.

 

ഭാസ്കരൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി നിന്നു.

-------------------------------------------------------------------------------------------

 

സഖിയിവനെ വിലക്കണേ, കഥിക്കാ-

നിനിയുമിതാ, ബത! ചുണ്ടനക്കിടുന്നു,

വരുമിഹ സുജനാപവാദപാപം……

 

ആൽത്തറയിൽ സഭ പിന്നെയും കൂടി

 

സന്ധ്യ ആയി, അടുത്തുള്ള കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദീപാരാധന മണികൾ മുഴങ്ങി

വരമ്പത്തൂടെ പെട്രോമാസ് കത്തിച്ചു തലയിൽ വച്ച് രണ്ടു പയ്യന്മാർ നടക്കുന്നു, പിറകെ ഒരു കല്യാണ ചെറുക്കനും പെണ്ണും വീട്ടുകാരും. ഏറ്റവും പിറകിൽ വടി കുത്തി  നടക്കുന്ന ഒരു കിഴവനും.

 

സദ്യ പൊടിപൊടിച്ചു!...

ഡപ്പിയിൽ നിന്നും മൂക്കിപ്പൊടി ഉള്ളംകയ്യിലേക്കു തട്ടിക്കൊണ്ടു കുറുപ്പുമാഷ് പറഞ്ഞു് .

 

എന്നുവച്ചാ ഒറ്റ മകൾ, കെട്ടുന്നതോ ഒരു ഗൾഫ്കാരൻ, കുറക്കാൻ പറ്റുമൊ മാഷെ?  ചെവിയിൽ ഒരു തൂവൽ ഇട്ടു കറക്കി കൊണ്ട് പണിക്കരേട്ടൻ ചോദിച്ചു.

 

എന്നാലുമാ ഭാസ്കരന്റെ കാര്യം കഷ്ടമായിപ്പോയി. തൂവൽ എങ്ങോട്ടോ വലിച്ചെറിഞ്ഞു തല ചൊറിഞ്ഞു കൊണ്ട് പണിക്കരേട്ടൻ തുടർന്നു,

 

എന്നുവച്ചാൽ അവള് പറ്റില്ല എന്നു പറയുന്നതിലും കാര്യമുണ്ടല്ലോ. രുക്മിണി കോളേജിൽ പോയ കുട്ടി, ഭാസ്കരാനോ നാലാം ക്ലാസും ഗുസതീം.

 

അന്നും എന്നും പെൺപിള്ളേർ അവരുടെ കാര്യം നോക്കും, പാവം ഭാസ്കരൻ, കുറുപ്പുമാഷ് വലിച്ചു കയറ്റിയ മൂക്കിൽപൊടിയുടെ ബാക്കി താഴേക്കു കുടഞ്ഞുകൊണ്ട്  പറഞ്ഞു.

പത്രോസ് ഒന്ന് തുമ്മി.

 

പെട്രോമാക്സിന്റെ  വെളിച്ചം ദൂരേക്ക് മങ്ങി മറഞ്ഞു. മഴ ചാറി തുടങ്ങി, സഭ പിരിഞ്ഞു .

--------------------------------------------------------------------------------------------------

 

 

ഒരു കറുത്ത അംബാസിഡർ കാർ വന്നു നിന്നു.

തെങ്ങിന് തടം എടുത്തുകൊണ്ടു നിന്ന ഭാസ്കരൻ എത്തി വലിഞ്ഞു നോക്കി, തലയിൽ കെട്ടിയ തോർത്ത് അഴിച്ചു മുഖത്തെ വിയർപ്പു തുടച്ചു. 

ഉച്ചവെയിൽ കാഴ്ച മങ്ങാൻ ഇടയാക്കാതെ അയാൾ കയ്യെടുത്തു് കണ്ണിനു മുകളിൽ പിടിച്ചു.

 

ഹൊ അവൾ എത്ര സുന്ദരി ആയിരിക്കുന്നു, പിന്നെയും വെളുത്തോ? അതോ തടിവച്ചോ? 

കാറിൽ നിന്നും ധിറുതിയിൽ ഇറങ്ങി കുട്ടികളേം കൊണ്ട് അവളുടെ വീട്ടിലേക്കു ഓടിക്കയറിയ രുക്മിണികുട്ടിയെ ഒരുനോക്കു ഭാസ്കരൻ കണ്ടു.

പിറകിൽ സിഗരറ്റും വലിച്ചു കണ്ണാടിയും വച്ച് പയ്യെ നടന്നു കയറിയ ചെറുപ്പകാരനാകും ഭർത്താവ് . 

കണ്ടാൽ സിനിമാ നടനെപോലെ ഉണ്ട്, ഭാസ്കരൻ സ്വായം പറഞ്ഞുപോയി.

 

ചാണകം കൊണ്ട് ഇടട്ടെ ഭാസ്കരൻ ചേട്ടാ? കിള നിർത്തി പാപ്പാൻ ചോദിച്ചു.

പാപ്പാനെ തുറിച്ചു നോക്കി നിന്നതല്ലാതെ ഭാസ്കരൻ ഒന്നും മിണ്ടിയില്ല.

 

ചേട്ടോ! ഭാസ്കരൻ ചേട്ടോ! പാപ്പാൻ പിന്നേം വിളിച്ചു

 

ഭാസ്കരൻ അത് കേട്ടില്ല, അയാൾ മെല്ലെ വീട്ടിനുള്ളില്ലേക്ക് നടന്നു.

 

  

ഇവിടെ ഒരു ആൽമരം ഉണ്ടായിരുന്നു. എന്നും വൈകിട്ട്‌ ഞങ്ങൾ ഒരു സഭ കൂടുമാറുന്നു . പോയി, എല്ലാരും പോയി.. കുറുപ്പുമാഷും പണിക്കരേട്ടനും എല്ലാം. ചെറുമകന്റെ തോളത്തു കൈവച്ചു പത്രോസ് പറഞ്ഞു.

ദേ ആ കാണുന്ന റോഡ് പണ്ട് ഒരു വാരാമ്പരുന്നു, ചുറ്റും പുഞ്ചപ്പാടവും.

 

റോഡിലൂടെ ഒരു മാരുതി കാർ ചീറി പാഞ്ഞു പോയി

 

തൂമ്പായുടെ പിടി ആപ്പുവച്ചു അടിച്ചു മുറുക്കിക്കൊണ്ടു ഇരിക്കുമ്പോഴാണ് ഭാസ്കരൻ ആ കാർ വന്നു നില്കുന്നത് കണ്ടത്. നല്ല ചുവന്ന കാർ. 

ആരൊക്കെയോ ഗേറ്റ് തുറന്നു അകത്തേക്ക് പോകുന്നു. പ്രായാധിക്യം സമ്മാനിച്ച ചുളിവുകൾ നിറഞ്ഞ കൈ എടുത്തു കാൽമുട്ടിൽ താങ്ങി ഭാസ്കരൻ മെല്ലെ എണിറ്റു.

 

രുക്മിണിയുടെ ചെറിയവീട് നിന്ന സ്ഥാനത്തു ഇന്നൊരു മണിമാളികയാണ്. വര്ഷങ്ങളായി അടച്ചു കിടന്ന മണിമാളിക. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവിടെ തട്ടും മുട്ടും ഒക്കെ കേൾക്കമരുന്നു.

 

ഭാസ്കരൻ തിരികെ പണിയിൽ മുഴുകി.

 

--------------------------------------------------------------------------------------------------------

 

ചാറ്റൽമഴ പെയ്തുകൊടിരുന്നു. കയ്യിൽ കരുതിയ ഉമ്മുക്കരി വിരൽ കൊണ്ട് തൊട്ടു ഭാസ്കരൻ മെല്ലെ പല്ലു തേച്ചു.

ചെവിയിൽ തിരിക്കിവച്ച പച്ച ഈർക്കിലി കൊണ്ട് നാക്കു വടിച്ചു  തിരിയുമ്പോഴാണ് ഭാസ്കരൻ ആ വിളി കേട്ടത്.

മാമ്മാ ..

 

ചുവന്ന ഫ്രോക്ക് ഇട്ട ഒരു കൊച്ചു സുന്ദരി കുട്ടി.

 

കിണ്ടിയിൽ നിന്നും വെള്ളമെടുത്തു വായിൽ ഒഴിച്ച് തുപ്പി ഭാസ്കരൻ മെല്ലെ കുട്ടിയുടെ അടുത്തെക് നടന്നു

 

മാമ്മന്റെ പേരെന്താ ?.. എന്റെ പേര് ലക്ഷ്മി എന്നാ, മുത്തശ്ശി എന്നെ ലക്ഷ്മിക്കുട്ടീ എന്ന് വിളിക്കും, അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

 

മാമന്റെ പേര്.. ഭാസ്കരൻ അത് പറഞ്ഞു മുഴുവിക്കും മുൻപ് "മോളെ ലക്ഷ്മികുട്ടിയേ.." എന്നൊരു വിളി കേട്ടു.

അയ്യോ മുത്തശ്ശിയാ, ഞാൻ പിന്നെ വരാമേ .. അവൾ തിരിഞ്ഞു വീട് ലക്ഷ്യമാക്കി ഓടി.

 

ഭാസ്കരൻ അറിയാതെ പുഞ്ചിരിച്ചു പോയി എത്രയോ നാളുകൾക്കു ശീഷം.

 

തലയിൽ വീണ ചാറ്റ മഴത്തുള്ളികൾ കൈകൊണ്ടു തട്ടി ഭാസ്കരൻ തിരിഞ്ഞു നടന്നു..

 

 പിച്ചേട്ടാ .. ഒരു നിമിഷം ഭാസ്കരൻ തരിച്ചു നിന്ന് പോയി.

അയാൾക്കു തിരിഞ്ഞു നോക്കണം എന്ന് ഉണ്ടാരുന്നുയെങ്കിലും കാലുകൾ അതിനു വഴങ്ങിയില്ല..

മഴയുടെ ശക്തി ചെറുതായി കൂടി തുടങ്ങി

 

നമ്മുടെ.. നമ്മുടെ ഒട്ടുമാവ് കായ്ച്ചുവോ..? ആ ശബ്ദം പിന്നെയും ഭാസ്കരന്റെ കാതുകളിൽ വന്നു വീണു..

 

ഇല്ലാ .. ആ മാവും എന്നെ പറ്റിച്ചു.. ഭാസ്കരൻ തിരിഞ്ഞു നോക്കാതെ പറഞ്ഞു

 

പിച്ചേട്ടാ അത് … എന്ന് കായ്ക്കും ?

 

നനഞ്ഞു  ഒട്ടിയ തോർത്തു തോളത്തു നിന്നും വാരിയെടുത്തു ഭാസ്കരൻ പറഞ്ഞു..

നാളെ രാവിലെ പത്തു മണിക്ക്.

===========================================================

 

 

 

 

 

 

 

 

 

 

1 comment:

  1. This comment has been removed by a blog administrator.

    ReplyDelete