Sunday, December 20, 2020

ഗാനമേള

 

എൻ്റെ ഓർമ ശരിയാണെങ്കിൽ 1986ൽ  ആണ് ഇതു നടന്നത്. ഞാൻ സ്കൂളിൽ  പോകാൻ തുടങ്ങിയ കാലം. അന്ന് അമ്മ ടെലികമ്യൂണിക്കേഷൻസ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നു. ഗവണ്മെന്റ് പ്രസ് ബിൽഡിങ് (സെക്രട്ടറിയേറ്റ്ൻറെ പിൻഭാഗത്തും ആയിട്ട്), അച്ഛൻ ലോക്കൽഫണ്ട് ഓഡിറ്റ് ഡിപ്പാർട്മെന്റിൽ, പാളയം വികാസ്ഭവൻ ബിഎൽഡിങ്ങിലും .

 സ്കൂൾ അവധികാലം ആരുന്നതുകൊണ്ടു ഞാനും ചേച്ചിയും അന്ന് അമ്മമ്മയുടെ കൂടെ ഓഫീലിൽ പോയി. പോകാൻ കാരണവും ഉണ്ടാരുന്നു. അന്ന് വൈകിട്ട് പ്രസ് സ്ക്ലബ്ബിനു മുൻപിലുള്ള സെൻട്രൽ സ്റ്റേഡിയത്തിൽ പ്രശസ്‌തനായ ഒരു പിന്നണി ഗായകൻ്റെ ഗാനമേള ഉണ്ടായിരുന്നു.

 വൈകിട്ട് അച്ഛൻ അമ്മയുടെ ഓഫീസിലേക്ക് വന്നു. ഞങൾ നാലുപേരുടെ സെൻട്രൽ സ്റ്റേഡിയത്തിൽ പോയി ഇരുപ്പുറപ്പിച്ചു. പറഞ്ഞ സമയത്തു തന്നെ ഗായകൻ എത്തി. തലയിൽ ഒരു കറുത്ത തൊപ്പിയും, വാച്ച് അടക്കം വെളുത്ത വസ്ത്രവും ഇട്ടു അദ്ദേഹം സ്റ്റേജിൽ നിന്നു. 

അതിനു മുൻപോ പിന്നെയോ ആ തൊപ്പിയിൽ അദ്ദേഹത്തിനെ കണ്ടിട്ടില്ല. ചിലപ്പോൾ അന്ന് ഒന്ന് വച്ച് നോക്കിയതാകും .

 ഓർക്കസ്‌ട്രാ എല്ലാം സെറ്റ് ആയി, അതിമനോഹരമായ ഒരു സെമിക്ലാസ്സിക്കൽ ഹിറ്റോടെ അദ്ദേഹം ആരംഭം കുറിച്ചു. അന്നും ഇന്നും ആ പാട്ടു പാടാൻ ഒരുവിധപെട്ടവർക്കൊന്നും ശ്വാസം കിട്ടാറില്ല.

 ഒരുവരി പാടിത്തീരും മുൻപേ പിൻനിരയിൽ ഇരുന്ന ഒരുകൂട്ടം ചെറുപ്പക്കാർ കൂവൽ തുടങ്ങി, ബാക്കിയുള്ളവർ അത് ഏറ്റുപിടിച്ചു. ആകെ കൂവലും ബഹളവും. ഗായകൻ പാട്ടു നിർത്തി, പക്ഷെ ജനം കൂവൽ നിർത്തിയില്ല.

 പെട്ടെന്ന് ഗായകൻ ഓർക്കസ്‌ട്രാ ടീമിനോട് എന്തോ ആംഗ്യം കാണിച്ചു. അവർ പുതിയ ഒരു പട്ടു തുടങ്ങി. അന്നത്തെ കാലത്തേ ഒരു അടിപൊളി പാട്ട് , ശരിക്കും ഫാസ്റ്റ് നമ്പർ. ജനം കയ്യടിച്ചു. ചിലർ കസേരയുടെ മുകളിൽ നിന്ന് ആഹ്ലാദപ്രകടനം നടത്തി. 

ഷോ വൻ സക്‌സസ് ആയി .

 തിരിഞ്ഞു നോക്കുമ്പോൾ ഈ അനുഭവത്തിൽ നിന്നും ഒരുകാര്യം മനസിലായി. 

നമ്മുടെ സന്തോഷത്തിനാണ് ഒരുകാര്യം ചെയ്യുന്നതെങ്കിൽ, മറ്റുള്ളവരുടെ കൈയടി പ്രതീക്ഷിക്കരുത്. 

മറ്റുള്ളവരുടെ കൈയടി ആണ് വേണ്ടതെങ്കിൽ, അവർക്കു വേണ്ടുന്ന നിലവാരത്തിൽ തന്നെ നിൽക്കാൻ ശ്രദ്ധിക്കണം.

 

Saturday, December 19, 2020

ഒട്ടുമാവ്

 

 


അതെന്താ പിച്ചേട്ടാ ഇതിനെ ഒട്ടുമാവ് എന്നു  വിളിക്കുന്നെ? ഇതേ തൊട്ടാൽ കൈ ഓട്ടുമൊ ? ഹാഫ് സാരിയുടെ വാൽ വിരൽകൊണ്ട് ചുറ്റിപിടിച്ചു രുക്മിണികുട്ടി ചോദിച്ചു

 

നട്ട ഒട്ടുമാവിന്റെ ചുവട്ടിൽ കുറച്ചു വെള്ളം കൂടെ ഒഴിച്ച് ഒന്നുകൂടെ അതിന്റെ മൂട് മണ്ണിലേക്ക് അമർത്തി ഭാസ്കരൻ അവളെ തുറിച്ചു നോക്കി. നീ എന്തിനാടി പെണ്ണെ ഈ സ്കൂളിൽ ഒക്കെ പോയത്.. ഒട്ടുമാവിൽ തൊട്ടാൽ ഒട്ടുമോ  എന്ന്. കഷ്ട്ടം !

 

രുക്മിണിയുടെ മുഖം കറുത്തു .

 

എടി നീ ആദ്യമി പിച്ചേട്ടാ എന്നുള്ള വിളി നിർത്തു, ഞാൻ ഏതോ പിച്ചക്കാരൻ അന്നെന്നു കേൾക്കുന്നവർ വിചാരിക്കും. ഇരുമ്പു തൊട്ടിയിൽ ബാക്കി ഉണ്ടാരുന്ന വെള്ളത്തിൽ കൈ മുക്കി തോളത്തു കിടന്ന തോർത്തിൽ തുടച്ചു ഭാസ്കരൻ പറഞ്ഞു.

 

ശീലിച്ചു പോയെല്ലേ പിച്ചേട്ടാ ... ഇനി എങ്ങനെ മറ്റും, രുക്മിണി മുഖം ചുളിച്ചു പറഞ്ഞു.

 

ഭാസ്കരൻ ചിരിച്ചു

 

ഇതു എപ്പോൾ കായ്ക്കും ? രുക്മിണിയുടെ അടുത്ത ചോദ്യം

 

നാളെ രാവിലെ പത്തു മണിക്, തികഞ്ഞ ഗൗരവത്തിൽ ഭാസ്കരൻ പറഞ്ഞു

 

ശെരിക്കും? ഹായ് രുക്മിണിക്കു സന്തോഷമായി

 

എടി നിനക്ക് ശരിക്കും പതിനാറു വയസ്സായോ? സത്യം പറ, രുക്മിണിയുടെ തലയിൽ ഒന്ന് മെല്ലെ തട്ടി ഭാസ്കരൻ ചോദിച്ചു

 

രുക്മിണിക്കു കാര്യം അപ്പോഴും മനസിലായില്ല

 

എന്ന് കയ്ച്ചാലും എത്ര കയ്ച്ചാലും നിനക്കുള്ളതല്ലേ, രുക്മിണിയുടെ കണ്ണുകളിൽ നോക്കി ഭാസ്കരൻ പറഞ്ഞു

 

ആണോ ….? … ശരിക്കും….? രുക്മിണി ചോദിച്ചു തീരും മുൻപേ അവളുടെ അമ്മയുടെ വിളി വന്നു.. രുക്മിണിക്കുട്ടീ ...

 

ഞാൻ നാളെ പത്തുമണിക്ക് വരാമേ, ഓടുന്നതിന്റെ ഇടയിൽ രുക്മിണി ഭാസ്കരാനോട് വിളിച്ചു പറഞ്ഞു .

 

 

------------------------------------------------------------------------------------------------------

 

ഒറ്റ തടി, സുഖ ജീവിതം. കൃഷി, ഭക്ഷണം, ഉറക്കം. ആ ഭാസ്കരൻ ഭാഗ്യവാൻ തന്നെ. പോരാത്തതിന് ഉടനെ തന്നെ രുക്മിണിയായി പറഞ്ഞു വച്ച കല്യാണവും നടന്നേക്കും. വരമ്പത്തൂടെ നടന്നു പോകുന്ന ഭാസ്കരനെ നോക്കി കറവക്കാരൻ പത്രോസ് പറഞ്ഞു.

 

നിനക്ക് പോയി വല്ല പശൂനേം കറന്നാ പോരെ, എന്തിനാ അവനെ നോക്കി വെള്ളം ഇറക്കുന്നേ ? കയ്യിൽ എടുത്ത മൂക്കിൽപൊടി ആഞ്ഞു വലിച്ചു വിമ്മിഷ്ട്ടം കാണിച്ചുകൊണ്ട് കുറുപ്പുമാഷ് ചോദിച്ചു.

 

കുറുപ്പുമാഷ് തുമ്മുമോ ഇല്ലയോ എന്ന് ആ ആൽത്തറയിലെ അക്ഷരശ്ലോക സംഘം ഒന്നിച്ചു നോക്കി നിന്നു, കുറുപ്പുമാഷ് മുഖം കൊണ്ട് ഗോഷ്ഠി കാണിച്ചതല്ലാതെ അപ്പോഴും തുമ്മിയില്ല

 

 

ആകാശങ്ങളെയണ്ഡരാശികളൊടും ഭക്ഷിക്കുമാകാശമായ്‌

ഈ കാണുന്ന സഹസ്രരശ്മിയെയിരുട്ടാക്കും പ്രഭാസാരമായ്‌

ശോകാശങ്കയെഴാത്ത....

 

ഒന്നും പ്രതേകിച്ചു സംഭവിക്കാത്ത പോലെ കുറുപ്പുമാഷ് അക്ഷരശ്ലോകത്തിലേക്കു കടന്നു..

 

------------------------------------------------------------------------------------------------------

 

പിച്ചേട്ടാ.. എന്നെ പറ്റിച്ചതാണല്ലേ ഇന്നലെ? ഞാൻ കൃത്യം പത്തുമണിക്ക് പോയി നോക്കിയല്ലോ. മാങ്ങാ പോയിട്ടു ഒരു മാമ്പൂ പോലും ആ ഒട്ടുന്ന മാവിൽ വന്നിട്ടില്ല.. രുക്മിണി പറഞ്ഞു

 

അവളുടെ നിഷ്കളങ്കമായ മുഖത്തു നോക്കി എന്തു പറയണം എന്ന് അറിയാതെ ഭാസ്കരൻ വടിപോലെ നിന്നുപോയി .

 

നിനക്ക് മാങ്ങാ കിട്ടിയാ പോരെ ? ശരിയാക്കാം ചെറുവിരൽ വായുവിൽ കറക്കി ഭാസ്കരൻ ഗൗരവത്തിൽ പറഞ്ഞു. വാ..

 

മുണ്ടും മടക്കിക്കുത്തി നെഞ്ചും വിരിച്ചു ഭാസ്കരൻ നടന്നു. ഒന്ന് ആലോചിച്ചിട്ട് രുക്മിണിയും പിറകെ ഓടി , പിച്ചേട്ടാ പതുക്കെ നടക്കു അവൾ പറഞ്ഞു.

 

ആറ്റുമാലിക്ക് നിൽക്കുന്ന മൂവ്വാണ്ടൻ മാവിന്റെ ചുവട്ടിൽ കണ്ണും മിഴിച്ചു നിൽക്കുന്ന രുക്മിണികുട്ടിയുടെ തോളത്തു തട്ടി ഭാസ്കരൻ പറഞ്ഞു, ഇന്ന പിടി, ഈ തോട്ടി അങ്ങോട്ടി പിടിക്ക്. എന്നിട്ടു ദാ ആ കാണുന്ന പഴുത്ത മാങ്ങാ നീ പറിക്കു, താഴെ വീഴാതെ ഞാൻ പിടിക്കാം.

 

രുക്മിണിയെ തോട്ടി ഏല്പിച്ചു, വളർന്നു വരുന്ന കുംഭയിൽ മെല്ലെ തലോടി ഭാസ്കരൻ തയ്യാറെടുത്തു .

 

കയ്യിൽ കിട്ടിയ തോട്ടി ആകുന്ന വിധത്തിൽ നീട്ടിപിടിച്ചു രുക്മിണി ശ്രമം തുടങ്ങി. ഇളംവെയിലടിച്ചപ്പോ അവളുടെ മുഖം തിളങ്ങുന്നതായി ഭാസ്കരന് തോന്നി

 

പിച്ചേട്ടാ, വിളികേട്ടു ഭാസ്കരൻ ഒന്ന് ഞട്ടി ഉണർന്നപോലെ അവളെ  നോക്കി.

 

എനിക്ക് എത്തുന്നില്ല പിച്ചേട്ടാ.. എന്നെ ഒന്ന് പൊക്കിയെ.

 

ഭാസ്കരൻ ഒന്നു മടിച്ചു, … പയ്യെ ചുറ്റും നോക്കി

 

ഒന്ന് വേഗം വാ പിച്ചേട്ടാ,  അമ്മ എന്നെ ഇപ്പൊ വിളിക്കും തിരികെ, ….. പെട്ടെന്ന് വന്നേ പിച്ചേട്ടാ.  രുക്മിണി വിളിയുടെ വിളിയുടെ ശക്തി കൂട്ടി

 

ഭാസ്കരൻ തെല്ലു മടിയോടെ അവളുടെ അടുത്തെക് ചെന്നു നിന്നു

 

പോക്ക് പോക്ക്, പെട്ടെന്ന് ഒന്ന് പോക്ക് പിച്ചേട്ടാ അവൾ പിന്നെയും പിണക്കം നിറഞ്ഞ സ്വരത്തിൽ പറഞ്ഞു

 

ഭാസ്കരൻ അധികം ആലോചിക്കാതെ രുക്മിണിയെ പയ്യെ പൊക്കി. അവളുടെ വാസന സോപ്പിന്റെ ഗന്ധം ഭാസ്കരന്റെ മൂക്കിലൂക്കിലുടെ തുളച്ചു കയറി.

 

ബ്ലും! അയ്യോ പിച്ചീട്ടാ ദേ മാങ്ങാ ആറ്റിൽ പോയി. രുക്മിണിയുടെ നിലവിളി കേട്ട് പിന്നെയും സ്വബോധത്തിൽ വന്ന ഭാസ്കരൻ അവളെ താഴെ നിർത്തി .

 

കിടന്നു കരയാതെ പെണ്ണെ! ഭാസ്കരൻ തോട്ടി എടുത്തു ആറ്റിൽ തത്തികളിക്കുന്ന മാങ്ങാ കരക്ക്‌ അടുപ്പിച്ചു. രുക്മിണി ഓടിവന്നു അത് എടുത്തു വീട്ടിലേക്കോടി...

 

ഇതു ഞാൻ എടുക്കുവാണേ…. പിച്ചേട്ടൻ വേറെ പറിച്ചോ എന്ന് അവൾ വിളിച്ചു പറഞ്ഞു.

 

ഭാസ്കരൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി നിന്നു.

-------------------------------------------------------------------------------------------

 

സഖിയിവനെ വിലക്കണേ, കഥിക്കാ-

നിനിയുമിതാ, ബത! ചുണ്ടനക്കിടുന്നു,

വരുമിഹ സുജനാപവാദപാപം……

 

ആൽത്തറയിൽ സഭ പിന്നെയും കൂടി

 

സന്ധ്യ ആയി, അടുത്തുള്ള കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദീപാരാധന മണികൾ മുഴങ്ങി

വരമ്പത്തൂടെ പെട്രോമാസ് കത്തിച്ചു തലയിൽ വച്ച് രണ്ടു പയ്യന്മാർ നടക്കുന്നു, പിറകെ ഒരു കല്യാണ ചെറുക്കനും പെണ്ണും വീട്ടുകാരും. ഏറ്റവും പിറകിൽ വടി കുത്തി  നടക്കുന്ന ഒരു കിഴവനും.

 

സദ്യ പൊടിപൊടിച്ചു!...

ഡപ്പിയിൽ നിന്നും മൂക്കിപ്പൊടി ഉള്ളംകയ്യിലേക്കു തട്ടിക്കൊണ്ടു കുറുപ്പുമാഷ് പറഞ്ഞു് .

 

എന്നുവച്ചാ ഒറ്റ മകൾ, കെട്ടുന്നതോ ഒരു ഗൾഫ്കാരൻ, കുറക്കാൻ പറ്റുമൊ മാഷെ?  ചെവിയിൽ ഒരു തൂവൽ ഇട്ടു കറക്കി കൊണ്ട് പണിക്കരേട്ടൻ ചോദിച്ചു.

 

എന്നാലുമാ ഭാസ്കരന്റെ കാര്യം കഷ്ടമായിപ്പോയി. തൂവൽ എങ്ങോട്ടോ വലിച്ചെറിഞ്ഞു തല ചൊറിഞ്ഞു കൊണ്ട് പണിക്കരേട്ടൻ തുടർന്നു,

 

എന്നുവച്ചാൽ അവള് പറ്റില്ല എന്നു പറയുന്നതിലും കാര്യമുണ്ടല്ലോ. രുക്മിണി കോളേജിൽ പോയ കുട്ടി, ഭാസ്കരാനോ നാലാം ക്ലാസും ഗുസതീം.

 

അന്നും എന്നും പെൺപിള്ളേർ അവരുടെ കാര്യം നോക്കും, പാവം ഭാസ്കരൻ, കുറുപ്പുമാഷ് വലിച്ചു കയറ്റിയ മൂക്കിൽപൊടിയുടെ ബാക്കി താഴേക്കു കുടഞ്ഞുകൊണ്ട്  പറഞ്ഞു.

പത്രോസ് ഒന്ന് തുമ്മി.

 

പെട്രോമാക്സിന്റെ  വെളിച്ചം ദൂരേക്ക് മങ്ങി മറഞ്ഞു. മഴ ചാറി തുടങ്ങി, സഭ പിരിഞ്ഞു .

--------------------------------------------------------------------------------------------------

 

 

ഒരു കറുത്ത അംബാസിഡർ കാർ വന്നു നിന്നു.

തെങ്ങിന് തടം എടുത്തുകൊണ്ടു നിന്ന ഭാസ്കരൻ എത്തി വലിഞ്ഞു നോക്കി, തലയിൽ കെട്ടിയ തോർത്ത് അഴിച്ചു മുഖത്തെ വിയർപ്പു തുടച്ചു. 

ഉച്ചവെയിൽ കാഴ്ച മങ്ങാൻ ഇടയാക്കാതെ അയാൾ കയ്യെടുത്തു് കണ്ണിനു മുകളിൽ പിടിച്ചു.

 

ഹൊ അവൾ എത്ര സുന്ദരി ആയിരിക്കുന്നു, പിന്നെയും വെളുത്തോ? അതോ തടിവച്ചോ? 

കാറിൽ നിന്നും ധിറുതിയിൽ ഇറങ്ങി കുട്ടികളേം കൊണ്ട് അവളുടെ വീട്ടിലേക്കു ഓടിക്കയറിയ രുക്മിണികുട്ടിയെ ഒരുനോക്കു ഭാസ്കരൻ കണ്ടു.

പിറകിൽ സിഗരറ്റും വലിച്ചു കണ്ണാടിയും വച്ച് പയ്യെ നടന്നു കയറിയ ചെറുപ്പകാരനാകും ഭർത്താവ് . 

കണ്ടാൽ സിനിമാ നടനെപോലെ ഉണ്ട്, ഭാസ്കരൻ സ്വായം പറഞ്ഞുപോയി.

 

ചാണകം കൊണ്ട് ഇടട്ടെ ഭാസ്കരൻ ചേട്ടാ? കിള നിർത്തി പാപ്പാൻ ചോദിച്ചു.

പാപ്പാനെ തുറിച്ചു നോക്കി നിന്നതല്ലാതെ ഭാസ്കരൻ ഒന്നും മിണ്ടിയില്ല.

 

ചേട്ടോ! ഭാസ്കരൻ ചേട്ടോ! പാപ്പാൻ പിന്നേം വിളിച്ചു

 

ഭാസ്കരൻ അത് കേട്ടില്ല, അയാൾ മെല്ലെ വീട്ടിനുള്ളില്ലേക്ക് നടന്നു.

 

  

ഇവിടെ ഒരു ആൽമരം ഉണ്ടായിരുന്നു. എന്നും വൈകിട്ട്‌ ഞങ്ങൾ ഒരു സഭ കൂടുമാറുന്നു . പോയി, എല്ലാരും പോയി.. കുറുപ്പുമാഷും പണിക്കരേട്ടനും എല്ലാം. ചെറുമകന്റെ തോളത്തു കൈവച്ചു പത്രോസ് പറഞ്ഞു.

ദേ ആ കാണുന്ന റോഡ് പണ്ട് ഒരു വാരാമ്പരുന്നു, ചുറ്റും പുഞ്ചപ്പാടവും.

 

റോഡിലൂടെ ഒരു മാരുതി കാർ ചീറി പാഞ്ഞു പോയി

 

തൂമ്പായുടെ പിടി ആപ്പുവച്ചു അടിച്ചു മുറുക്കിക്കൊണ്ടു ഇരിക്കുമ്പോഴാണ് ഭാസ്കരൻ ആ കാർ വന്നു നില്കുന്നത് കണ്ടത്. നല്ല ചുവന്ന കാർ. 

ആരൊക്കെയോ ഗേറ്റ് തുറന്നു അകത്തേക്ക് പോകുന്നു. പ്രായാധിക്യം സമ്മാനിച്ച ചുളിവുകൾ നിറഞ്ഞ കൈ എടുത്തു കാൽമുട്ടിൽ താങ്ങി ഭാസ്കരൻ മെല്ലെ എണിറ്റു.

 

രുക്മിണിയുടെ ചെറിയവീട് നിന്ന സ്ഥാനത്തു ഇന്നൊരു മണിമാളികയാണ്. വര്ഷങ്ങളായി അടച്ചു കിടന്ന മണിമാളിക. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവിടെ തട്ടും മുട്ടും ഒക്കെ കേൾക്കമരുന്നു.

 

ഭാസ്കരൻ തിരികെ പണിയിൽ മുഴുകി.

 

--------------------------------------------------------------------------------------------------------

 

ചാറ്റൽമഴ പെയ്തുകൊടിരുന്നു. കയ്യിൽ കരുതിയ ഉമ്മുക്കരി വിരൽ കൊണ്ട് തൊട്ടു ഭാസ്കരൻ മെല്ലെ പല്ലു തേച്ചു.

ചെവിയിൽ തിരിക്കിവച്ച പച്ച ഈർക്കിലി കൊണ്ട് നാക്കു വടിച്ചു  തിരിയുമ്പോഴാണ് ഭാസ്കരൻ ആ വിളി കേട്ടത്.

മാമ്മാ ..

 

ചുവന്ന ഫ്രോക്ക് ഇട്ട ഒരു കൊച്ചു സുന്ദരി കുട്ടി.

 

കിണ്ടിയിൽ നിന്നും വെള്ളമെടുത്തു വായിൽ ഒഴിച്ച് തുപ്പി ഭാസ്കരൻ മെല്ലെ കുട്ടിയുടെ അടുത്തെക് നടന്നു

 

മാമ്മന്റെ പേരെന്താ ?.. എന്റെ പേര് ലക്ഷ്മി എന്നാ, മുത്തശ്ശി എന്നെ ലക്ഷ്മിക്കുട്ടീ എന്ന് വിളിക്കും, അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

 

മാമന്റെ പേര്.. ഭാസ്കരൻ അത് പറഞ്ഞു മുഴുവിക്കും മുൻപ് "മോളെ ലക്ഷ്മികുട്ടിയേ.." എന്നൊരു വിളി കേട്ടു.

അയ്യോ മുത്തശ്ശിയാ, ഞാൻ പിന്നെ വരാമേ .. അവൾ തിരിഞ്ഞു വീട് ലക്ഷ്യമാക്കി ഓടി.

 

ഭാസ്കരൻ അറിയാതെ പുഞ്ചിരിച്ചു പോയി എത്രയോ നാളുകൾക്കു ശീഷം.

 

തലയിൽ വീണ ചാറ്റ മഴത്തുള്ളികൾ കൈകൊണ്ടു തട്ടി ഭാസ്കരൻ തിരിഞ്ഞു നടന്നു..

 

 പിച്ചേട്ടാ .. ഒരു നിമിഷം ഭാസ്കരൻ തരിച്ചു നിന്ന് പോയി.

അയാൾക്കു തിരിഞ്ഞു നോക്കണം എന്ന് ഉണ്ടാരുന്നുയെങ്കിലും കാലുകൾ അതിനു വഴങ്ങിയില്ല..

മഴയുടെ ശക്തി ചെറുതായി കൂടി തുടങ്ങി

 

നമ്മുടെ.. നമ്മുടെ ഒട്ടുമാവ് കായ്ച്ചുവോ..? ആ ശബ്ദം പിന്നെയും ഭാസ്കരന്റെ കാതുകളിൽ വന്നു വീണു..

 

ഇല്ലാ .. ആ മാവും എന്നെ പറ്റിച്ചു.. ഭാസ്കരൻ തിരിഞ്ഞു നോക്കാതെ പറഞ്ഞു

 

പിച്ചേട്ടാ അത് … എന്ന് കായ്ക്കും ?

 

നനഞ്ഞു  ഒട്ടിയ തോർത്തു തോളത്തു നിന്നും വാരിയെടുത്തു ഭാസ്കരൻ പറഞ്ഞു..

നാളെ രാവിലെ പത്തു മണിക്ക്.

===========================================================

 

 

 

 

 

 

 

 

 

 

Wednesday, June 17, 2020

What have I got to lose… in trying?


What have I got to lose… in trying?


This happened when I was in schools, 9th standard. I never had won any prize in sports till then, but I always made sure I participated. I loved pinning the chest numbers on to the shirt, the cheers that I heard when I ran, though it was meant for the champs. There were instances where everyone had to wait for me to finish the round, especially in 400 mtrs running race.

I was the shortest in my class, or rather the shortest in my age group and it was more of a comedy show for others when I tried my luck in high jump and long jump. But to me, my slogan was “What have I got to lose… in trying?”


Back to the incident – as I said I was in 9th standard and it was sports day again. I had joined for high jump and 4X100 mts relay running race. My team consisted of me and 3 more short boys who wanted to participate but was not taken up by other teams. To make things worse, we had two other teams with district and state level champions. The team got nervous and asked me if we should quit, to which my answer was “What have we got to lose… in trying?”, three heads nodded in agreement. The mantra worked on them as it had worked on me for almost a decade.


I was the first one to start the relay in my team. Though the outcome was hundred percent predictable I could hear my heart pound, as it was not just about me, I had a team’s pride at stake. The “bang” from the gun went off and I ran as fast as I could, holding tight to the baton. I could see the red baton creating a pattern on my side as my hand moved swiftly with my legs. I did not care about my position; I just ran as fast as I could and handed over the baton to my eagerly awaiting teammate. I was totally out of breath and almost collapsed as sweat drops rapidly ran down my forehead and neck. Trying to calm down my breath, I looked at the track. My eyes almost popped out with excitement as I saw our team coming in first, beating the champs. For the first time, all the cheers were for me too. We ran to each other hugging and jumping up and down like kids. The happiness and excitement were beyond what we could handle.


The same day I won second prize for high jump too. I am sure the energy that came in from the first success pushed me over the hurdle.


I never won any prize for sports after that, but the two trophies still give me lot of energy and I still stick onto my slogan “What have I got to lose… in trying?”

Friday, April 19, 2019

പ്രതീക്ഷ

ദൂരെ നിന്നും ആ മോട്ടോർ സൈക്കിളിന്റെ ഇരമ്പൽ കേൾകാം , അതാരാണെന്ന് ആ ചെറിയ ഗ്രാമവാസികൾക്കും അറിയാം. മാത്തന്റെ പലവഞ്ചനകടയിൽ നിന്ന ചെറിയ കൂട്ടം കടയുടെ ഉമ്മറത്തേക്ക് നീങ്ങിനിന്നു . വളവു തിരിഞ്ഞു വരുന്ന ആ അത്ഭുതത്തെ കാണാൻ .  ഒരു വല്യമ്മയുടെ കയ്യിൽ ടൂങ്ങികിടന്ന സഞ്ചി ഒരു വശത്തെക്ക് നീക്കി ഒരു കൊച്ചു പെൺകുട്ടി ആകാംഷയോടെ റോഡിലേക്ക് നോക്കി.
ചായ അടിച്ചോണ്ടിരുന്ന കുമാരൻ നായരുടെ ചായയുടെ നീളം ലേശം കുറഞ്ഞു, അഴികൾക്കിടയിലൂടെ അയാൾ എത്തിനോക്കി, മെലിഞ്ഞു നീണ്ടു നിന്ന അയാളുടെ മുൻവശത്തെ ഉന്തിയ  പല്ലുകൾ അഴിയിൽ മുട്ടി നിന്നു . ചായക്കടയിൽ ഇരുന്ന ചിലർ പുറത്തേക്കു ഇറങ്ങി നിന്നു .
ടാർ ഇടാത്ത ആ റോഡ് ഉച്ചവെയിലിൽ പൊടിപറത്തി നിവർന്നു കിടന്നു. ഇരമ്പൽ അടുത്തു വന്നു, തലകൾ ഒന്നിന് മുകളിൽ മറ്റൊന്നായി പുറത്തേക്കു തള്ളി. മുഖത്തെക്ക് പിന്നെയും വന്നു വീണ സഞ്ചി ആ കുഞ്ഞു ലേശം ദേഷ്യത്തോടെ പിന്നെയും മാറ്റി, അവളുടെ കുഞ്ഞിക്കണ്ണുകൾ വികസിച്ചു പുരികം പൊങ്ങി മുടി കെട്ടിവച്ച ചുവന്ന റിബ്ബൺ കാറ്റേറ്റ് അവളുടെ കവിളിൽ താളം പിടിച്ചു.
പൊടിപടലങ്ങൾ പറത്തി അതാ ആ മോട്ടോർ സൈക്കിൾ വളവു തിരിഞ്ഞു വരുന്നു. ആ നാട്ടുകാർക്ക് അന്യനല്ല അവൻ, മോട്ടോറോ സൈക്കിൾ അഭ്യാസി ആയ ഏതോ ഭാഷ സംസാരിക്കുന്ന എവിടെനിന്നോ വന്ന ഒരു ഷാ.. മുഴുവൻ പേര് ആർക്കും അറിഞ്ഞുകൂടാ. എല്ലാം അറിയുന്ന കുഞ്ഞിക്കുറുപ്പ് സാറിന് പോലും പുള്ളിയുടെ ഭാഷ മനസിലാക്കാൻ പറ്റിയിട്ടില്ല, ഹിന്ദുസ്ഥാനിയോ അങ്ങനെ എന്തോ ആണ് എന്നാണ് നാട്ടുകാർ പറയുന്നത്. വെളുത്തു മെലിഞ്ഞു തല നിറയെ ചെമ്പൻ മുടിയുള്ള, ഉശാൻ താടിവെച്ച ഷാ. മഞ്ഞയോ ചുവപ്പോ ആണ് സാദാരണ ഷായുടെ പാന്റിന്റെ നിറം മുകളിൽ രണ്ടിൽ കൂടുതൽ ഷിർട്ടുകൾ കാണും മുഖത്തു കാലൊടിഞ്ഞ ഒരു കറുത്ത കണ്ണടയും . ഒരു മുപ്പതിന് അടുത്തു പ്ര്യായം കാണും .
 കയ്യിൽ കെട്ടിയിരിക്കുന്ന ചുവന്ന ഉറുമാൽ അഴിച്ചു വീശിയാൽ അഭ്യാസം തുടങ്ങാൻ പോകുന്നു എന്ന് സാരം .
ഇന്ന് ഷാ പൊടിക്കും, അടിച്ച ചായ മേശപ്പുറത്തു വച്ച് കുമാരൻ നായർ പറഞ്ഞു. ഓ എന്ത്.. നമ്മൾ ഇടക്ക് കാണാറുള്ള അതെ അഭ്യാസങ്ങൾ അല്ലെ, പാത്രത്തിൽ നിന്നും കണ്ണെടുക്കാതെ ചായ ഗ്ലാസ് പയ്യെ കറക്കി ബഷീർ പറഞ്ഞു. ഛെ ! ഷായുടെ കയ്യിൽ പല അടവുകളാണ് , എല്ലാം കഴിഞ്ഞിട്ടുള്ള അവന്റെ കൺകെട്ട് വിദ്യ ഉണ്ടല്ലോ അതാണ് അത്യുഗ്രൻ … തലയിൽ കെട്ടിവച്ച മുഷിഞ്ഞ തോർത്ത് അഴിച്ചു കുടഞ്ഞു തോളത്തിട്ടു കുമാരൻ നായർ പുറത്തേക്കു ഇറങ്ങി നിന്നു…
ഷാ അപ്പോഴേക്കും ചവന്ന റുമാൽ വീശി കഴിഞ്ഞിരുന്നു … മോട്ടോർ സൈക്കിളിൽ കിടന്നും ഇരുന്നും നിന്നും അയാൾ പല റൗണ്ടുകൾ അടിച്ചു .. കണ്ടു നിന്ന നാട്ടുകാർ കയ്യടിച്ചും കൂകിയും പ്രോത്സാഹനങ്ങൾ അറിയിച്ചു . പിന്നെയും സഞ്ചി മുഖത്തു വീണപ്പോൾ ആ പെൺകുട്ടി സഞ്ചി തട്ടി നീക്കി റോഡ് സൈഡിലേക്ക് ഇറങ്ങി നിന്നു .
ഷായുടെ ഒരു നമ്പർ ഉണ്ട്. കാണികൾ ആരെങ്കിലും ചില്ലറ റോഡിൽ ഇട്ടാൽ, ഷാ അത് ഓടിക്കൊണ്ടിരിക്കുന്ന മോട്ടോർ സൈക്കിളിയിൽ ഇരുന്നു തന്നെ എടുക്കും , അപ്പോൾ കൈയടി കൊഴുക്കും . രാമൻ നായർ ആണ് ചില്ലറയിടലിൽ മുൻ പന്തിയിൽ .. അയാൾ റോഡിൻറെ നടുക്കും സൈഡിലും ഒക്കെ ഇടും . ഷാ അങ്ങോട്ട് അഭ്യാസം കാണിച്ചു പോകുമ്പോൾ ചില്ലറ നോക്കി വക്കും, തിരികെ  ഉള്ള റൗണ്ടിലാണ് അത് എടുക്കുക.
അഭ്യാസങ്ങൾ ഒക്കെ ഏതാണ്ട് അവസാനിച്ചു, ഷാ കണ്കെട്ടിലേക്കു നീങ്ങി. അയാൾ വായുവിൽ നിന്നും വര്ണക്കടലാസ്സുകൾ പറത്തി … റുമാൽ വടി ആക്കി … വലിച്ചുകൊണ്ടിരുന്നു സിഗരറ്റ് റോസാ പൂവാക്കി.. അങ്ങനെ പലതും. പത്രത്തിന്റെ വക്കിലൂടെ ഇടക്ക് ബഷീർ പൂച്ച ഭാവത്തോടെ ഇതൊക്കെ നോക്കി ഉള്ളിൽ ഉണ്ടായ അത്ഭുതത്തെ കടിച്ചമർത്തി .
ഷായുടെ അഭ്യാസങ്ങളും കണ്കെട്ടിനും വിരാമം ഇട്ടു അയാൾ കയ്യിൽ ഉണ്ടാക്കുന്ന ഒരു തൊപ്പിയുമായി പിരിവിനു കറങ്ങി നടന്നു… ചിലർ ഒന്നും കൊടുത്തില്ല, ചിലർ ചില്ലറകൾ ഇട്ടു … ചിലർ നോട്ടു പയ്യെ സ്ലോ മോഷനിൽ ഇട്ടു ചുറ്റും നോക്കി … നോട്ടു ഇട്ടാൽ ഷാ അയാളുടെ ഭാഷയിൽ നന്ദി പറഞ്ഞു കാലിൽ തൊടും, അതും നോട്ടു ഇടാന് ചില പ്രമാണിമാരെ പ്രയറിപ്പിക്കാറുണ്ട് .
ഷാ പലവഞ്ചന കടയുടെ മുൻപിൽ എത്തി, ആ പെൺകുഞ്ഞിന്റെ കണ്ണുകൾ പിന്നെയും വിടർന്നു, അവളുടെ കീറിയ ഫ്രോക്കിന്റെ കീശയിൽ അവൾ തപ്പി നോക്കി..നിരാശയോടെ ഷായെ നോക്കി. ഷാ വായുവിൽ നിന്നും ഒരു മുട്ടായി എട്ട് നീട്ടി… "ആജാ .. ലെലെ" അയാൾ പറഞ്ഞു. ആ കുഞ്ഞു മുഖം വിടർന്നു അനാഥത്വത്തിന്റെ ഇരുൾ മാറി ഒരുനിമിഷം പുഞ്ചിരിയുടെ സൂര്യൻ അവളുടെ മുഖത്തു മിന്നിമറഞ്ഞു .
സംഭാവനകൾ വാങ്ങി ഷാ എല്ലാരേം നോക്കി കൈവീശി മോട്ടോർസൈക്കിളിൽ കയറി. കാലൊടിഞ്ഞ ആ കറുത്ത കണ്ണട മുക്കടുവച്ചു , കയ്യിൽ പിന്നെയും ആ ചുവന്ന റുമാൽ കെട്ടി..മുടി കൈകൊണ്ടു ഒന്ന് പിന്നെലേക്കു നീക്കി അയാൾ മോട്ടോസൈക്കിൾ സ്റ്റാർട്ട് ചെയ്‌തു. മോട്ടോർ സൈക്കിളിന്റെ ഇരമ്പൽ പിന്നെയും ആ നാട്ടിൽ അലയടിച്ചു, പുകക്കുഴലിൽ നിന്നും വന്ന വെളുത്ത പുക അവിടെയെങ്ങും പടർന്നു…
ഒരു നിമിഷം ഷാ ഒന്ന് തിരിഞ്ഞു നോക്കി...ആ പെൺകുട്ടിയുടെ നിരാശ നിറഞ്ഞ കണ്ണുകളിലേക്കു നോക്കി കണ്ണട ലേശം താഴ്ത്തി ഷാ വിളിച്ചു..".ആജാ .. ", അയാളുടെ വലത്തേ കൈ അറിയാതെ അയാൾ നീട്ടി … ആ വിളി കാത്തു നിന്നെപ്പോലെ നിർവികാര ഭാവത്തോടെ അവൾ അയാളുടെ അടുത്തേക്ക് ഓടി ചെന്നു ...നാട്ടുകാർ പലരും സ്തംഭിച്ചു നോക്കി നിന്നു . ഷാ ആ കുഞ്ഞിനെ കോരിയെടുത്തു ഉമ്മവച്ചു . അവളെ മുന്നിൽ ഇരുത്തി പൊടിപടലങ്ങൾ പറത്തി ആ മോട്ടോർസൈക്കിൾ മുന്നോട്ടു ചീറിപ്പാഞ്ഞു …

Sunday, April 7, 2019

ഓർമകളിൽ നിന്നും ചില കുത്തികുറിപ്പുകൾ … ഒന്ന്

ബെൽ അടിച്ചു, ലഞ്ച് ബ്രേക്ക് കഴ്ഞ്ഞു ക്ലാസ്സിൽ കയറാനുള്ള ബെൽ ആണ്.  പൈപ്പിൽ നിന്നും ഒരു കവിൾ വെള്ളം കൂടെ കുടിച്ചു ഞാൻ ക്ലാസ്സിലേക്ക് ഓടി. ഓടുന്നവഴി ടൈ എടുത്തു മുഖം തുടക്കനും മറന്നില്ല, അതുകൊണ്ടു  അങ്ങനെ എങ്കിലും ഒരു ഉപകാരം ഉണ്ടാകട്ടെ… 4 A , അതാരുന്നു എന്റെ ക്ലാസ് 
കേസിൽ സാദാരണ സീറ്റ് രൊറ്റഷൻ ആണ്.. എന്നുവച്ചാൽ ഈ ആഴ്ച ഫസ്റ്റ് ബെഞ്ച് ആണെങ്കിൽ അടുത്ത ആഴ്ച സെക്കന്റ് അങ്ങനെ നമ്മൾ കറങ്ങണം. എനിക്കുമാത്രം അത് ബാധകമല്ലാരുന്നു. സെക്കന്റ് ബെഞ്ചിൽ പോയാൽ ടീചെർക്കോ ടീച്ചറെ എനിക്കോ കാണാൻ പറ്റില്ലാരുന്നു. അതുകൊണ്ടു തന്നെ എലലരുടേം പൊതു ശത്രുവായി ഞാൻ മാറി . ഫസ്റ്റ് ബെഞ്ചിൽ എത്തുമ്പോൾ ബാക്കി എല്ലാര്ക്കും ഞെരുക്കമാണ്. ഞാൻ അവിടെ ഒരു അധികപ്പറ്റായി എപ്പോഴുണ് കണക്കും, എന്നാൽ എന്റെ സ്ഥായിയായ അവസ്ഥ ഇതേ ഞെരുക്കമാണ് എന്ന് മനസിലാക്കാനുള്ള മാനസിക വളർച്ച അന്ന് എന്റെ കൂട്ടുകാർക്കു ഉണ്ടാരുന്നില്ല, ചിലർക്ക് എപ്പോഴുമില്ല 
അങ്ങനെ ബെഞ്ചിന്റെ അറ്റത്തു ഒരു കുറ്റവാളിയെപോലെ ഞാൻ അള്ളിപ്പിടിച്ചു ഇരുന്നു . അടുത്തത് ഇംഗ്ലീഷ് ക്ലാസ് ആണ്. കഴിഞ്ഞ ക്ലാസ്സിൽ ഇട്ട ഡിക്ടഷൻ എന്റെ മനസിലേക്ക് ഓടിവന്നു . ഇംഗ്ലീഷിൽ ഞാൻ സാമാന്യം ഭേദം ആരുന്നു എന്നാൽ എന്റെ കൈപ്പട വളരെ മോശമരുന്നു. കാക്ക എന്തോ ചികഞ്ഞന പോലെ … നിനേക്കാൾ ചെറുതാണല്ലോ നിന്ടെ അക്ഷരം എന്നൊക്കെ സ്ഥിരം കമന്റ്‌സ് കേൾക്കാറുണ്ടാരുന്നു ടീരന്മാരുടെ അടുത്തു നിന്നും. പലപ്പോഴുണ് ഉത്തരക്കടലാസു കിട്ടിക്കഴിഞ്ഞാൽ ഒരു അഞ്ചു മാർക്ക് കൂടുതൽ കിട്ടാറുണ്ട് . ചന്തയിൽ വിലപേശുന്നപോലെ ഞാൻ ദേ എഴുതിയതു ഇന്നത് ആണ് എന്ന് പറഞ്ഞു ബോധ്യപ്പെടുത്തി മാർക്ക് വാങ്ങും. വൈ കാണ്ട് യു  റൈറ്റ് ഇറ്റ് ക്ലീർലി എന്നുള്ളത് സ്ഥിരം പല്ലവി ആണ് .
സൂസൻ ടീച്ചർ ആരോടോ എന്തോ ദേഷ്യം ഉള്ളതുപോലെ ക്ലാസ്സിലേക്ക് കയറിവന്നു. ചീറിപ്പാഞ്ഞു വന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി. ഗുഡ് ആഫ്റ്റർനൂൺ ടീച്ചർ, ഞങ്ങൾ എണീറ്റുനിന്നു ഒരേ സ്വരത്തിൽ ഈണത്തിൽ പറഞ്ഞു, അത് കേള്കാത്തപോലെ ടീച്ചർ കയ്യിൽ ഇരുന്ന ഡിക്ടഷൻ പേപ്പറുകൾ മേശയിലേക്കു ഇട്ടു, റെയിൽവേ സ്റ്റേഷനിൽ ചില പോർട്ടർമാർ ചരക്കു ഇറക്കും പോലെ. എന്റെ നെഞ്ചിടിപ്പ് കൂടി, ഈശ്വര ഡിക്ടഷൻ പേപ്പർ . എനിക്ക് പരീക്ഷ ഉത്തര കടലാസ് പോലും ഇത്രേം പേടി ഇല്ല, പക്ഷെ ഡിക്ടഷൻ, അതും എന്റെ കൈപ്പട… പൊട്ടിയത് തന്നെ…
 ടീച്ചർ കസേരയിൽ ഇരുന്നു.. ഞങ്ങളെ ആരെയും നോക്കാതെ കടലാസുകൾ ഒന്നുടെ അടുക്കി വിതരണം തുടങ്ങി. എപ്പോ രണ്ടു കാര്യങ്ങൾ സംഭവിക്കാം ഒന്നുങ്കി പേര് മാത്രം വിളിച്ചു കടലാസ് കൊടുക്കും ഇല്ലേ പീരിന്റെ കൂടെ കിട്ടിയ മാർക്കും പറയും, രണ്ടാമത്തെ രീതിയാണ് എനിക്ക് പേടി . "എബി ", ടീച്ചർ ആദ്യത്തെ പേപ്പർ എടുത്തു കയ്യിൽ പിടിച്ചു പേര് വിളിച്ചു…. പീരുമാത്രമല്ല ടീച്ചർ വിളിച്ചു പറഞ്ഞത് പിറകെ വാല് പോലെ അതാ മാർക്ക്…. "ടവെന്റിഫൈവ്", അബി എവിടെനിന്നോ ഓടിവന്നു പേപ്പർ വാങ്ങി വലത്തേ കൈ വായുവിൽ കറക്കി ആഹ്‌ളാദ പ്രകടനം നടത്തി തിരികെ ഓടി. ടീച്ചർ അത് കണ്ടഭാവം കാണിച്ചില്ല. 
പിന്നെയും പേരുകളും പ്രകടനങ്ങളും കുറേ നടന്നു… എന്റെ പേപ്പർ അടുത്തു തുടങ്ങി, ചില പഴയ മലയാളം സിനിമയിൽ വില്ലൻ നടിയെ ആക്രമിക്കാൻ വരുമ്പോൾ കേൾക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്റെ ചെവികളിൽ മുഴങ്ങി … ഞാൻ ഡെസ്കിൽ അള്ളിപ്പിടിച്ചു ഈശ്വരാ നാണം കെടുത്തരുതേ, ഒന്നും ഇല്ലേലും എന്റെ മാർക്ക് അവർ വിളിച്ചു കൂവരുതേ … ഞാൻ പ്രാർത്ഥനയിൽ മുഴുകി.. കണ്ണുകൾ ഇറുക്കിയടച്ചു .
"ശരത് ", ഒരു ഇടിവെട്ടിയപോലെ തോനി എനിക്ക് … ഞാൻ പയ്യെ എണിറ്റു "ട്വന്റി "... കിലുക്കത്തിൽ ഇന്നോസ്ന്റ് ചേട്ടൻ പറഞ്ഞപോലെ "ഒന്നുടെ പറഞ്ഞെ" എന്ന് പറയാൻ എനിക്ക് തോന്നി .. സ്ലോ മോഷനിൽ ഞാൻ നടന്നു പേപ്പർ കൈപറ്റി … അതിനേക്കാൾ സ്ലോ മോഷണത്തിൽ തിരികെ പോയി ഇരുന്നു … ആരാടാ ചോദിയ്ക്കാൻ എന്നുള്ള ഭാവം അറിയാതെ മുഖത്തു തത്തികളിച്ചു … പെട്ടെന്ന് ഞാനും അവരിൽ ഒരാളായ തോന്നൽ … അരാചന്ദിയിൽ നിന്നും പൃഷ്ഠത്തിനു ഞാൻ ഫുൾ ചന്ദിയായി പ്രൊമോഷൻ കൊടുത്തു അങ്ങോട്ട് തള്ളി കയറി ഇരുന്നു … 
അടുത്തിരുന്ന ജിതേന്ദ്രക്കു അത് അത്ര സുഖിച്ചില്ല … "ക്യാൻ ഐ സീ യുവർ ഷീറ്റ് പ്ളീസ്", അവൻ ചോദിച്ചു … "ഓക്കേ ", ഞാൻ സധൈര്യം "കൊണ്ട് പോടെ " എന്നുള്ള മട്ടിൽ പേപ്പർ ച്ചു നീട്ടി.. ഒരു നിമിഷം .. അവൻ ചാടി എഴുനേറ്റു ഡെസ്കിന്റെ മുകളിലൂടെ ചാടി ടീരനെ ലക്സമാക്കി ഓടി, എനിക്കൊന്നും പിടികിട്ടിയില്ല..ഈശ്വര എന്ത് പാരയാണ് അവൻ വക്കാൻ പോകുന്നത് ?
ഞാൻ എണിറ്റു , അവൻ ഏതൊക്കെയോ പറയുന്നു ടീച്ചറിന്റെ മുഖം ചുളിയുന്നു … ഒന്നു മാത്രം ഞാൻ കേട്ട് അവർ പറയുന്നത് "ഐ വാസ് ആൾസോ തിങ്കിങ് ഹൌ ദിസ് ഫെൽലോ ഗോഡ് ദിസ് മച് മാർക്ക് ", ടീച്ചർ അതും പറഞ്ഞെ എന്നെ രൂക്ഷമായി നോക്കി … ഞാൻ അപ്പോഴും പൊട്ടൻ ആട്ടം കാണുന്നകണക്കു നിൽക്കുകയാണ്. 
ക്ലാസ്സിൽ ഒരു വല്ലാത്ത നിശബ്ദത എല്ലാരും എന്നെ തന്നെ നോക്കുന്നു . ജിതേന്ദ്ര യുദ്ധം ജയിച്ചപോലെ തിരികെ പോയി ഇരുന്നു അവന്റ്റെ മുഖത്തു ഒരു പുഞ്ചരി ഉണ്ടാരുന്നു… വെട്ടാൻപോകുന്ന മാടിനെനോക്കി അറവുകാരൻ ചിരിക്കുംപോലെ , ടീച്ചർ എന്തൊക്കെയോ കുത്തി കുറിക്കുന്നു… പേപ്പർ തിരികെ നീട്ടിപിടിച്ചു അവർ അലറി  "ശരത്  ഫൈവ് മാർക്സ്", ക്ലാസ്സിൽ അങ്ങ് ഇങ്ങായ് അമർത്തിപിടിച്ച ചർച്ചകളും ചിരിയും. ടീച്ചർ പേപ്പർ നീട്ടി, ഞാനൊരു യന്ത്ര മനുഷ്യനെപ്പോലെ പോയി അത് കൈപറ്റി തിരികെ വന്നിരുന്നു...
ശരി ഉത്തരങ്ങൾക്കു  പകരം തെറ്റു ഉത്തരണങ്ങളാണ് ടീച്ചർ എണ്ണി മാർക്കു ഇട്ടതു അതാണ് അഞ്ചിന് പകരം നിനക്ക് ഇരുപതു കിട്ടിയത്, ജിതേന്ദ്ര എന്നിൽ ജ്ഞാനം പകർന്നു. ഒന്നും എന്റെ തലയിൽ കയറിയില്ല...എന്തൊക്കെയോ മുഴക്കങ്ങൾ മാത്രം . 

ക്ലാസ് കഴ്ഞ്ഞു ടീച്ചർ പോയി അടുത്ത പീരിയഡ് ഫ്രീ ആരുന്നു , ഞാൻ കടലാസെടുത്തു ഒന്നുടെ ഓടിച്ചു നോക്കി , അതിൽ ശരി ഉത്തരങ്ങള്കും വെട്ടിട്ടു വച്ചേക്കുന്നു , ടീച്ചർഡ് കുറ്റമല്ലന്റെ .. നേരത്തെ പറഞ്ഞപോലെ എന്റെ കൈപ്പടയുടെ വിശേഷം . അങ്ങനെ കണ്ട ഉത്തരങ്ങളെല്ലാം ഞാൻ പെൻസിൽ കൊണ്ട് അടയാളപ്പെടുത്തി ധൈര്യം കൈവിടാതെ സ്‌റ്റാഫ്‌റൂമിനെ ലക്സമാക്കി നടന്നു . എനിക്കന്നും ഇന്നും പേടിയുള്ള രണ്ടു സ്ടലങ്ങളാണ് ഡെന്റൽ ക്ലിനിക്കും സ്റ്റാഫ്‌റൂമും . എന്നലുംപേടിച്ചു വിറച്ചു ഞാൻ അവിടെ എത്തി. "മെയ് ഐ കം ഇൻ പ്ളീസ് ", ഞാൻ ചോദിച്ചതു ആരും കേട്ടില്ല .. സൂസൻ ടീച്ചർ എന്നെ കണ്ടു "മ്മ്മ് എന്താ ? സ്ഥിരം പരിപാടിക്ക് വന്നതാകും " അവർ പറഞ്ഞു അതോടെ ഉണ്ടാരുന്ന ധൈര്യം എല്ലാം ആവിയായി, ഞാൻ എബൌട്ട് ടേൺ  അടിച്ചു  "കം ഹിയർ " പുറകിൽ നിന്നും സൂസൻ ടീച്ചർ വിളിച്ചു , ഞാൻ വിയർത്തു കുളിച്ചു പേപ്പർ നീട്ടി "ടീച്ചർ ക്യാൻ യു പ്ലസ്സ് റീച്ചക്ക് ...ഞാൻ പെന്സില് വച്ച് മാർക്ക് ചെയ്‌ത ….", അവർ പേപ്പർ വാങ്ങി നോക്കി "നീ ഉറുദുവോ സംസ്കൃതമോ വല്ലോം പഠിച്ചിട്ടുണ്ടോ? നിന്റെ e , a , r എല്ലാം ഒരുപോലെ ഇരിക്കും . അവർ എന്തൊക്കെയോ കുത്തികുറിച്ചു .. പേപ്പർ നീട്ടി "ഇന്ന … കൊണ്ടുപോ ", ഞാൻ പേപ്പർ വാങ്ങി "തങ്ക യു ടീച്ചർ " എന്ന് പറഞ്ഞു തടിയൂരി . 
സ്റ്റാഫ്‌റൂമിന്റെ റഡാറിൽ പാതിയില്ല എന്ന് ഉറപ്പു വന്നപ്പോ ഞാൻ പയ്യെ പേപ്പർ തുറന്നു നോക്കി …. ഇരുപത്തി അഞ്ചിൽ പതിനഞ്ചു … ആശ്വാസം ജയിച്ചു …

സ്കൂളിൽ നിന്നും വന്നാൽ പിന്നെ അമ്മയും അച്ഛനും വരുന്നതും നോക്കി നിൽപ്പാണ് പ്രധാന പണി. റോഡിൻറെ സൈഡിൽ ആരുന്നു വീട് . ദൂരെനിന്നും ആ ചന്ദന കളർ വെസ്പ സ്കൂട്ടർ കാണുമ്പോഴാണ് ആശ്വാസം . വന്നു കയറും മുൻപേ ഞാൻ പേപ്പർ നീട്ടി… മാർക്ക് കുറഞ്ഞു പോയി … ഞാൻ മുൻ‌കൂർ ജാമ്യം എടുത്തു,അച്ഛൻ അമ്മയെനോക്കി അറിയാതെ ചിരിച്ചുപോയി . അമ്മ ഗൗരവം വിടാതെ പേപ്പർ വാങ്ങി നോക്കി.  അടുത്തതവണ ഫുള്ള് വാങ്ങണം നീ … ഞാൻ നോൺ സ്റ്റോപ്പ് ആയി തലകുലുക്കി …. അമ്മയുടെ കയ്യിലേ ബാങ്കിലേക്ക് നോക്കി … എനിക്ക് വല്ലോം വാങ്ങിയോ ? സ്ഥിരം ചോദ്യം ആവർത്തിച്ചു.
"ഉമ്മ് എന്തുപറ്റി സാറിന് ഒരു ഉഷാർ ഇല്ലല്ലോ "  ഭക്ഷണം കഴ്ഞ്ഞു അമ്മയെ കെട്ടിപിടിച്ചു കിടന്ന എന്നോട് അമ്മ തിരക്കി , ക്ലാസ്സിൽ നടന്ന കാര്യങ്ങൾ നേരിൽ  കണ്ടമട്ടിൽ എന്റെ ചേച്ചി വാർത്ത വായിക്കും പോലെ വിളമ്പി … എന്റെ മനസ്സിൽ പിന്നയുംഒരു ശൂന്യത …. ജിതേന്ദ്ര ടീരന്റെ അടുത്തെക്ക് ഓടിയപ്പോൾ ഉണ്ടായ അതെ ശൂന്യത … "അതിനു നീ എന്തിനാ മോനെ വിഷമിക്കുന്നത് ? നമ്മുടെ അല്ലാത്തതൊന്നും നമ്മൾ ആഗ്രഹിക്കരുതു , അത് മാർക്ക് ആയാലും വേറെ എന്ത് ആയാലും ", 'അമ്മ പറഞ്ഞു നിർത്തി,  എന്നെ ഒന്നുടെ അടുത്തേക്ക് ചേർത്തു . അമ്മക്കെപ്പോഴും പൊൻഡ്‌സ് പൗഡറിന്റെ മണമാറുന്നു … 
എനിക്ക് എന്തൊക്കെയോ അമ്മയോട് പറയണം എന്ന്ഉണ്ടായിരുന്നു പക്ഷെ വാക്കുകൾക്കു മുൻപേ കണ്ണുകൾ നിറഞ്ഞു പോകുന്നു..   .ഒന്നും പറയാതെ അമ്മയോട് ചേർന്നുകിടന്നു ഞാൻ എപ്പോഴോ ഉറങ്ങി .

Saturday, December 8, 2018

സൈലന്റ് അറ്റാക്

സ്ട്രീറ്റ്‌ലൈറ്റിന്റെ മങ്ങിയ വെളിച്ചം ജനാലയിലൂടെ ആ മുറിക്കുള്ളിൽ പടർന്നു കിടന്നു. ദേഹം മുഴുവൻ വിയർത്ത ആ വൃദ്ധ വേദന സഹിക്കാനാവാതെ നെഞ്ചത്ത് കൈകൾ അമർത്തി .  വേദനകൊണ്ടു ഇറുക്കി   അടച്ച കൺപോളകൾക്കിടയിലൂടെ കണ്ണുനീർ തുളുമ്പി. മുഖത്തെ  ചുളിവുകൾക്കിടയിലൂടെ ലക്ഷ്യം തെറ്റി പതുകെ അത് ഒഴുകി.

മോനെ .... അവർ വിളിക്കാൻ ശ്രെമിച്ചു...

വെളുപ്പിനെ പല മൊബൈൽ ഫോണുകൾ ശബ്ദിച്ചു ... അറിഞ്ഞോ ... മരണ വാർത്ത... സൈലന്റ് അറ്റക്കാരുന്നു ....

Sunday, July 30, 2017

ഏറുമാടം

ആ കൊച്ചു കുളത്തിൽ മുങ്ങി പൊങ്ങുമ്പോ കിട്ടുന്ന സുഖം ഒന്നു വേറെ തന്നെ.  നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു , അടുത്തുള്ള വനത്തിൽ നിന്നും പല രീതിയിലുള്ള ശബ്ദങ്ങൾ കേട്ടു തുടങ്ങി, 

പെട്ടെന്ന് മടങ്ങണം . 

ഒരു പ്രാവിശ്യം കൂടെ മുങ്ങി പൊങ്ങിട്ടു തടി തപ്പുന്നതാണ് ബുദ്ധി . ഇലഞ്ഞി പൂവിന്റെ ഗന്ധം ആ വനകന്യകയെ കെട്ടിപുണർന്നു കിടന്നു. രാവിൻറെ കുളിര്കാറ്റ്‌  മരങ്ങളെ മെല്ലെ തലോടി .

"സഹായിക്കണം", ആരോ മെല്ലെ പറഞ്ഞത് കേട്ടു ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി. 

തലയിൽ നിന്നും  ഊർന്നിറങ്ങിയ വെള്ളത്തുള്ളികൾ മുത്തുമാലകൾ പോലെ എന്റെ മുഖത്തൂടെ ഇഴഞ്ഞിറങ്ങി . മെല്ലെ  മുഖം തുടച്ചു ഞാൻ അയാളെ ഒന്ന് നോക്കി .  ഈ സമയത്തു് ഈ വിജനമായ വാനപ്രദേശത് ഞാൻ ആരെയും പ്രതിക്ഷിക്കുന്നില്ലാരുന്നു.

മെലിഞ്ഞു ഇരുണ്ട രൂപം, കറുത്ത മുണ്ടും തോളത്തു ഒരു തോർത്തും . കയ്യിൽ ഉണ്ടാരുന്ന തുണിസഞ്ചി നെഞ്ചോടു ചേർത്ത് വച്ചതു അയാൾ ദയനീയമായി എന്നെ നോക്കി . നരച്ചു തുടങ്ങിയ താടിയും നീട്ടി വളർത്തിയ മുടിയും തളർന്ന കണ്ണുകളും, മുടി മെല്ലെ ഒരു വശത്തേക്ക് നീക്കി അയാൾ തുടർന്നു...

 സഹായിക്കണം .. കാടു കടക്കണം ... അത്യാവിശ്യമാണ് വെളുക്കുവോളം കാക്കാൻ വയ്യ ..
 
ദേഹം തോർത്തി ഞാൻ അയാളുടെ അടുതെക്ക് ചെന്നു. 

അയാൾ തുടര്ന്നു " ഒറ്റയ്ക്ക് മാടൻ മരം കടന്നു പോകാൻ ധൈര്യം പോരാ , അതുവരെ ഒന്ന് ...".
 
മാടൻ മരമോ ? അതെവിടെ ആണ് , ഞാൻ പലവട്ടത്തെ കാട്ടിനുള്ളിൽ പോയിട്ടുണ്ട്, ഇതുവരെ അങ്ങനെ ഒരു മരം ഞാൻ  കണ്ടിട്ടില്ലാലോ.

എനിക്കറിയില്ല, അയാൾ തുടർന്ന്, ഞാനീ നാട്ടിൽ ആദ്യാ ... തിരികെപോകാൻ വൈകിയപ്പോ ചില നാട്ടുകാർ പറഞ്ഞ  കഥയാണ് . നേരം വൈകിയാൽ അപകടം  ആണെന്നും,കാട്ടിനുള്ളിൽ പണ്ട് ഏറുമാടത്തിൽ നിന്നും വീണു മരിച്ച ഒരു ഫോറെസ്റ്  ഗാർഡിന്റെ ആത്മാവു ശല്യം ഉണ്ടെന്നും ഒക്കെ.

ദേഹം തോർത്തി ഞാൻ ചിരിച്ചു. ചേട്ടാ  ഞാനും ഒരു ഫോറെസ്റ് ഓഫ്സെർ ആണ് .  ഇതുവരെ ഇങ്ങനെ ഒരു   കഥ കേട്ടിട്ടില്ല. ഇവിടെന്നു ഏകദേശം ഒന്നര കിലോമീറ്റര് കാട്ടിലൂടെ നടന്നാൽ ഒരു പൊളിഞ്ഞ ഏറുമാടം  കാണാം, അതിൽ ആത്മാവും ഇല്ല പ്രേതവും ഇല്ല . 

അതുവരെ വന്നാൽ മതയെങ്കിൽ ഞാൻ  വരം,പക്ഷെ അത് കഴ്ഞ്ഞു കാട്ടുമൃഗങ്ങളെ സൂക്ഷിക്കണം, ഇന്ന് തന്നെ പോകണം എന്ന് വാശി ആണോ ?

പോണം.. പോയെ തീരു .  വീട്ടിൽ മകൾ  ഒറ്റക്കാണ്,ഞാൻ എത്തിയില്ലേ പേടിക്കും... സഹായിക്കണം..അയാൾ കൈ കൂപ്പി. 
 
ശരി ,  യൂണിഫോം ഇട്ടുകൊണ്ട്  ഞാൻ പറഞ്ഞു.  എന്റെ ഡ്യൂട്ടി ടൈം കഴ്ഞ്ഞു എങ്കിലും വരൂ ഞാൻ കൂടെ വരാം.

നിലാവെളിച്ചം ആ ഒറ്റയടിപ്പാതയിൽ വീണു തുടങ്ങിയിരുന്നു . തിങ്ങി വളരുന്നു മരങ്ങൾക്കിടയിലൂടെ ഞങ്ങൾ നടന്നു.  ചീവീടുകളുടെ കരച്ചിലും കുറുക്കന്റെ ഒലിയിടലും എനിക്ക് സുപരിചതമരുന്നു.   

അമ്മാവന് പീടിയുണ്ടോ ? ഞാൻ ചോദിച്ചു . ഇല്ല എന്ന് പറഞ്ഞാൽ അത് കളവാകും , അയാൾ  ചിരിച്ചുകൊണ്ട് പറഞ്ഞു. 

അപ്പോൾ ഈ പറഞ്ഞ ഏറുമാടം കഴിഞ്ഞാൽ അമ്മാവൻ  എങ്ങനെ പോകും ?

അയാൾ ഒന്ന് നിന്നു ... ഒന്നും മിണ്ടാതെ  അയാൾ നടന്നു .  

പ്രായത്തിൽ കവിഞ്ഞ  ചുറുചുറുക്ക് ഉണ്ടാരുന്നു അയാൾക്.  കാലിൽ ഒരു  ചെരുപ്പ്  ഇല്ലാതെ എങ്ങനെയി  കാട്ടു വഴിയിലൂടെ നടക്കാൻ സാധിക്കുന്നു? ഞാൻ ചോദിച്ചു.

ഒന്നും  മിണ്ടാതെ അയാൾ പിന്നെയും നടന്നു.
 
ഏറുമാടം  എത്താറായി, പേടി ഉണ്ടോ?

ഇല്ല . സാറിനോ ? അയാൾ തിരിഞ്ഞു നിന്ന് ചോദിച്ചു. അയാളുടെ കണ്ണുകൾ നിലാവെളിച്ചത്തിൽ  തിളങ്ങി  .. ഇല്ല എനിക്ക് തോന്നിയതാണ്

നടന്നു ഞങ്ങൾ ആ പഴയ ഏറുമാടം ഉള്ള മരത്തിന്റെ അടുത്തു എത്തി .

കുറച്ചു ദൂരെ നിന്ന് തന്നെ എനിക്കാ ഏറുമാടം കാണാമായിരുന്നു. പൊളിഞ്ഞു താഴെ വീഴാറായ ആ ഏറുമാടം. ആര്  ഉണ്ടാക്കിയതാ  എന്നൊന്നും അറിയില്ല.
 
അയാൾ നടത്തം നിർത്തി ഏറുമാടത്തിലേക്കു നോക്കി, ഭയം നിറഞ്ഞ കണ്ണുകൾ  ചുറ്റുമുള്ള കാട്ടുമരച്ചില്ലകളിലേക്ക് നീങ്ങി, കാതുകൾ എന്തോ ശ്രെദ്ധിക്കുന്നപോലെ അയാൾ ഒരു വശത്തേക്ക് തല ചെരിച്ചു നിന്നു .
 
എന്താ എന്ത് പറ്റി, പേടി  തോന്നുന്നുണ്ടോ? ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു. ഒന്നും മിണ്ടാതെ നിൽക്കുന്ന അയാളുടെ തോളിൽ ഞാൻ കൈ വച്ചു .. എന്താ ?
 
അയാൾ കണ്ണുകൾ വിടർത്തി എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

സാർ .. എന്താ കൈകൾ തണുത്തു ഇരിക്കുന്നത്? സാറിന്റെ ... സാറിന്റെ കണ്ണുകൾ ചുവന്നു ഇരിക്കുന്നല്ലോ...
 
കൈകളിൽ നഖങ്ങൾ നീണ്ടു വളർന്നു ഇരിക്കുന്നല്ലോ... പെട്ടെന്ന് ചുറ്റും നിശബ്ദമായി.. ചീവീടുകൾ കരച്ചിൽ .. നിർത്തി.കുറുക്കന്മാർ ഓലിയിടൽ നിർത്തി ... എങ്ങും തണുപ്പുള്ള ഒരു ശ്മശാന നിശബ്ദദ പറന്നു..
 
തോളത്തു വച്ച എന്റെ കൈകൾ ആകയാൽ തട്ടിമാറ്റി ..  അവിടെ പൊടിഞ്ഞ ചോര അയാൾ തൊട്ടു നോക്കി.. എന്നെ പിന്നെയും ഭയത്തോടെ നോക്കി ...

സോറി .. നഖം കൊണ്ടല്ലോ... ഞാൻ പറഞ്ഞു  തീരും മുൻപേ അയാൾ പിറകിലോട്ടു ചുവടുകൾ വച്ചു  .. 

ഭീതി നിറഞ്ഞ അയാളുടെ കണ്ണുകളിലേക്കു വിയർപ്പു തുള്ളികൾ  മെല്ലെ ഊർന്നിറങ്ങി . അയാളുടെ കിതപ്പ് നിശബ്ദതയെ ഭേദിച്ച് അലതല്ലി
 
ഒന്നും മിണ്ടാതെ അയാൾ പിന്നെയും പിറകോട്ടു ചുവടാട്ടുകൾ വച്ചു, ഒരു വേരിന്റെ കുറ്റിയിൽ തട്ടി അയാൾ മലർന്നു വീണു . ഇടതു കൈ പൊക്കി വലതു കൈ നിലത്തു നിലത്തു കുത്തി അയാൾ എന്നോട് യാചിച്ചു.. ..

 വേണ്ട...വേണ്ട... എന്നെ വിട്ടേക്കു , എന്റെ മകൾക്കു വേറെയാരും ഇല്ല . 

 വിറക്കുന്ന ദേഹവുമായി അയാൾ എങ്ങനെയോ എണിറ്റു നിന്നു . നിലത്തു  വീണ സഞ്ചി ഞാൻ എടുത്തു അയാൾക്കു നേരെ നീട്ടി ...

അയാൾ പിന്നെയും പിറകിലോട്ടു നീങ്ങി എന്നിട്ട് കാട്ടിലേക്ക് ഓടി മറഞ്ഞു. 
 
ഇടക്ക് ഇടക്ക് തിരിഞ്ഞു നോക്കി ഓടുന്ന   അയാളെ ഒരു തണുത്ത കാറ്റ് പിന്തുടർന്നു .. ഒരു നിലവിളി ആ കാടെങ്ങും അലയടിച്ചു.
 
ചീവീടുകളുടെ കരച്ചിൽ പിന്നെയും കേട്ട് തുടങ്ങി.. ഞാൻ മെല്ലെ ആ ഏറുമാടത്തിന്റെ പൊട്ടിപൊളിഞ്ഞ ഏണിയിൽകൂടെ മുകളിലോട്ടു കയറി.