Friday, April 19, 2019

പ്രതീക്ഷ

ദൂരെ നിന്നും ആ മോട്ടോർ സൈക്കിളിന്റെ ഇരമ്പൽ കേൾകാം , അതാരാണെന്ന് ആ ചെറിയ ഗ്രാമവാസികൾക്കും അറിയാം. മാത്തന്റെ പലവഞ്ചനകടയിൽ നിന്ന ചെറിയ കൂട്ടം കടയുടെ ഉമ്മറത്തേക്ക് നീങ്ങിനിന്നു . വളവു തിരിഞ്ഞു വരുന്ന ആ അത്ഭുതത്തെ കാണാൻ .  ഒരു വല്യമ്മയുടെ കയ്യിൽ ടൂങ്ങികിടന്ന സഞ്ചി ഒരു വശത്തെക്ക് നീക്കി ഒരു കൊച്ചു പെൺകുട്ടി ആകാംഷയോടെ റോഡിലേക്ക് നോക്കി.
ചായ അടിച്ചോണ്ടിരുന്ന കുമാരൻ നായരുടെ ചായയുടെ നീളം ലേശം കുറഞ്ഞു, അഴികൾക്കിടയിലൂടെ അയാൾ എത്തിനോക്കി, മെലിഞ്ഞു നീണ്ടു നിന്ന അയാളുടെ മുൻവശത്തെ ഉന്തിയ  പല്ലുകൾ അഴിയിൽ മുട്ടി നിന്നു . ചായക്കടയിൽ ഇരുന്ന ചിലർ പുറത്തേക്കു ഇറങ്ങി നിന്നു .
ടാർ ഇടാത്ത ആ റോഡ് ഉച്ചവെയിലിൽ പൊടിപറത്തി നിവർന്നു കിടന്നു. ഇരമ്പൽ അടുത്തു വന്നു, തലകൾ ഒന്നിന് മുകളിൽ മറ്റൊന്നായി പുറത്തേക്കു തള്ളി. മുഖത്തെക്ക് പിന്നെയും വന്നു വീണ സഞ്ചി ആ കുഞ്ഞു ലേശം ദേഷ്യത്തോടെ പിന്നെയും മാറ്റി, അവളുടെ കുഞ്ഞിക്കണ്ണുകൾ വികസിച്ചു പുരികം പൊങ്ങി മുടി കെട്ടിവച്ച ചുവന്ന റിബ്ബൺ കാറ്റേറ്റ് അവളുടെ കവിളിൽ താളം പിടിച്ചു.
പൊടിപടലങ്ങൾ പറത്തി അതാ ആ മോട്ടോർ സൈക്കിൾ വളവു തിരിഞ്ഞു വരുന്നു. ആ നാട്ടുകാർക്ക് അന്യനല്ല അവൻ, മോട്ടോറോ സൈക്കിൾ അഭ്യാസി ആയ ഏതോ ഭാഷ സംസാരിക്കുന്ന എവിടെനിന്നോ വന്ന ഒരു ഷാ.. മുഴുവൻ പേര് ആർക്കും അറിഞ്ഞുകൂടാ. എല്ലാം അറിയുന്ന കുഞ്ഞിക്കുറുപ്പ് സാറിന് പോലും പുള്ളിയുടെ ഭാഷ മനസിലാക്കാൻ പറ്റിയിട്ടില്ല, ഹിന്ദുസ്ഥാനിയോ അങ്ങനെ എന്തോ ആണ് എന്നാണ് നാട്ടുകാർ പറയുന്നത്. വെളുത്തു മെലിഞ്ഞു തല നിറയെ ചെമ്പൻ മുടിയുള്ള, ഉശാൻ താടിവെച്ച ഷാ. മഞ്ഞയോ ചുവപ്പോ ആണ് സാദാരണ ഷായുടെ പാന്റിന്റെ നിറം മുകളിൽ രണ്ടിൽ കൂടുതൽ ഷിർട്ടുകൾ കാണും മുഖത്തു കാലൊടിഞ്ഞ ഒരു കറുത്ത കണ്ണടയും . ഒരു മുപ്പതിന് അടുത്തു പ്ര്യായം കാണും .
 കയ്യിൽ കെട്ടിയിരിക്കുന്ന ചുവന്ന ഉറുമാൽ അഴിച്ചു വീശിയാൽ അഭ്യാസം തുടങ്ങാൻ പോകുന്നു എന്ന് സാരം .
ഇന്ന് ഷാ പൊടിക്കും, അടിച്ച ചായ മേശപ്പുറത്തു വച്ച് കുമാരൻ നായർ പറഞ്ഞു. ഓ എന്ത്.. നമ്മൾ ഇടക്ക് കാണാറുള്ള അതെ അഭ്യാസങ്ങൾ അല്ലെ, പാത്രത്തിൽ നിന്നും കണ്ണെടുക്കാതെ ചായ ഗ്ലാസ് പയ്യെ കറക്കി ബഷീർ പറഞ്ഞു. ഛെ ! ഷായുടെ കയ്യിൽ പല അടവുകളാണ് , എല്ലാം കഴിഞ്ഞിട്ടുള്ള അവന്റെ കൺകെട്ട് വിദ്യ ഉണ്ടല്ലോ അതാണ് അത്യുഗ്രൻ … തലയിൽ കെട്ടിവച്ച മുഷിഞ്ഞ തോർത്ത് അഴിച്ചു കുടഞ്ഞു തോളത്തിട്ടു കുമാരൻ നായർ പുറത്തേക്കു ഇറങ്ങി നിന്നു…
ഷാ അപ്പോഴേക്കും ചവന്ന റുമാൽ വീശി കഴിഞ്ഞിരുന്നു … മോട്ടോർ സൈക്കിളിൽ കിടന്നും ഇരുന്നും നിന്നും അയാൾ പല റൗണ്ടുകൾ അടിച്ചു .. കണ്ടു നിന്ന നാട്ടുകാർ കയ്യടിച്ചും കൂകിയും പ്രോത്സാഹനങ്ങൾ അറിയിച്ചു . പിന്നെയും സഞ്ചി മുഖത്തു വീണപ്പോൾ ആ പെൺകുട്ടി സഞ്ചി തട്ടി നീക്കി റോഡ് സൈഡിലേക്ക് ഇറങ്ങി നിന്നു .
ഷായുടെ ഒരു നമ്പർ ഉണ്ട്. കാണികൾ ആരെങ്കിലും ചില്ലറ റോഡിൽ ഇട്ടാൽ, ഷാ അത് ഓടിക്കൊണ്ടിരിക്കുന്ന മോട്ടോർ സൈക്കിളിയിൽ ഇരുന്നു തന്നെ എടുക്കും , അപ്പോൾ കൈയടി കൊഴുക്കും . രാമൻ നായർ ആണ് ചില്ലറയിടലിൽ മുൻ പന്തിയിൽ .. അയാൾ റോഡിൻറെ നടുക്കും സൈഡിലും ഒക്കെ ഇടും . ഷാ അങ്ങോട്ട് അഭ്യാസം കാണിച്ചു പോകുമ്പോൾ ചില്ലറ നോക്കി വക്കും, തിരികെ  ഉള്ള റൗണ്ടിലാണ് അത് എടുക്കുക.
അഭ്യാസങ്ങൾ ഒക്കെ ഏതാണ്ട് അവസാനിച്ചു, ഷാ കണ്കെട്ടിലേക്കു നീങ്ങി. അയാൾ വായുവിൽ നിന്നും വര്ണക്കടലാസ്സുകൾ പറത്തി … റുമാൽ വടി ആക്കി … വലിച്ചുകൊണ്ടിരുന്നു സിഗരറ്റ് റോസാ പൂവാക്കി.. അങ്ങനെ പലതും. പത്രത്തിന്റെ വക്കിലൂടെ ഇടക്ക് ബഷീർ പൂച്ച ഭാവത്തോടെ ഇതൊക്കെ നോക്കി ഉള്ളിൽ ഉണ്ടായ അത്ഭുതത്തെ കടിച്ചമർത്തി .
ഷായുടെ അഭ്യാസങ്ങളും കണ്കെട്ടിനും വിരാമം ഇട്ടു അയാൾ കയ്യിൽ ഉണ്ടാക്കുന്ന ഒരു തൊപ്പിയുമായി പിരിവിനു കറങ്ങി നടന്നു… ചിലർ ഒന്നും കൊടുത്തില്ല, ചിലർ ചില്ലറകൾ ഇട്ടു … ചിലർ നോട്ടു പയ്യെ സ്ലോ മോഷനിൽ ഇട്ടു ചുറ്റും നോക്കി … നോട്ടു ഇട്ടാൽ ഷാ അയാളുടെ ഭാഷയിൽ നന്ദി പറഞ്ഞു കാലിൽ തൊടും, അതും നോട്ടു ഇടാന് ചില പ്രമാണിമാരെ പ്രയറിപ്പിക്കാറുണ്ട് .
ഷാ പലവഞ്ചന കടയുടെ മുൻപിൽ എത്തി, ആ പെൺകുഞ്ഞിന്റെ കണ്ണുകൾ പിന്നെയും വിടർന്നു, അവളുടെ കീറിയ ഫ്രോക്കിന്റെ കീശയിൽ അവൾ തപ്പി നോക്കി..നിരാശയോടെ ഷായെ നോക്കി. ഷാ വായുവിൽ നിന്നും ഒരു മുട്ടായി എട്ട് നീട്ടി… "ആജാ .. ലെലെ" അയാൾ പറഞ്ഞു. ആ കുഞ്ഞു മുഖം വിടർന്നു അനാഥത്വത്തിന്റെ ഇരുൾ മാറി ഒരുനിമിഷം പുഞ്ചിരിയുടെ സൂര്യൻ അവളുടെ മുഖത്തു മിന്നിമറഞ്ഞു .
സംഭാവനകൾ വാങ്ങി ഷാ എല്ലാരേം നോക്കി കൈവീശി മോട്ടോർസൈക്കിളിൽ കയറി. കാലൊടിഞ്ഞ ആ കറുത്ത കണ്ണട മുക്കടുവച്ചു , കയ്യിൽ പിന്നെയും ആ ചുവന്ന റുമാൽ കെട്ടി..മുടി കൈകൊണ്ടു ഒന്ന് പിന്നെലേക്കു നീക്കി അയാൾ മോട്ടോസൈക്കിൾ സ്റ്റാർട്ട് ചെയ്‌തു. മോട്ടോർ സൈക്കിളിന്റെ ഇരമ്പൽ പിന്നെയും ആ നാട്ടിൽ അലയടിച്ചു, പുകക്കുഴലിൽ നിന്നും വന്ന വെളുത്ത പുക അവിടെയെങ്ങും പടർന്നു…
ഒരു നിമിഷം ഷാ ഒന്ന് തിരിഞ്ഞു നോക്കി...ആ പെൺകുട്ടിയുടെ നിരാശ നിറഞ്ഞ കണ്ണുകളിലേക്കു നോക്കി കണ്ണട ലേശം താഴ്ത്തി ഷാ വിളിച്ചു..".ആജാ .. ", അയാളുടെ വലത്തേ കൈ അറിയാതെ അയാൾ നീട്ടി … ആ വിളി കാത്തു നിന്നെപ്പോലെ നിർവികാര ഭാവത്തോടെ അവൾ അയാളുടെ അടുത്തേക്ക് ഓടി ചെന്നു ...നാട്ടുകാർ പലരും സ്തംഭിച്ചു നോക്കി നിന്നു . ഷാ ആ കുഞ്ഞിനെ കോരിയെടുത്തു ഉമ്മവച്ചു . അവളെ മുന്നിൽ ഇരുത്തി പൊടിപടലങ്ങൾ പറത്തി ആ മോട്ടോർസൈക്കിൾ മുന്നോട്ടു ചീറിപ്പാഞ്ഞു …

No comments:

Post a Comment