Friday, December 29, 2023

ചാറ്റൽ മഴ തുള്ളികൾ


ആ വിജനമായ ടാർ ഇട്ട റോഡിലൂടെ രാത്രിയുടെ നിശബ്ദദയെ ഭേതിച് ഒരു പഴയ ബുള്ളറ്റ് പാഞ്ഞു . അങ്ങും ഇങ്ങും മിന്നാമിനുങ്ങ് പോലെ തെളിഞ്ഞു നിന്ന സ്ട്രീറ്റ് ലൈറ്റ് ബൾബുകളുടെ ചുറ്റും ഈയാംപാറ്റകൾ വട്ടമിട്ടു. 

തോളത്തു തൂക്കിയിട്ട ബാഗും ഫ്ലാസ്കും ഒന്നുകൂടി അഡ്ജസ്റ്റ് ചെയ്‌തു ഡോക്ടർ ചെറിയാൻ ബൈക്കിന്റെ സ്പീഡികൂട്ടി. പുതിയതായി ജോയിൻ ചെയ്‌ത ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഇത്രയും തിരക്ക് പ്രതീക്ഷിച്ചിരുന്നില്ല. എന്നും ഇതാകുമോ ഈശ്വരാ എന്റെ ഗതി?

 കാറ്റത്തു അയാളുടെ ബെൽബൊറ്റോം പാൻറ് താളം പിടിച്ചു.


വാടകക്ക് എടുത്ത വീട് അഞ്ചു കിലോമീറ്റര് അകലെ ആണ്. ഈ ഓണം കയറ മൂലയിൽ കൊള്ളാവുന്ന വീട് വല്ലോം കിട്ടുമോ സാറെ എന്ന് കോമ്പൗണ്ടർ പിള്ള പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല, അയാൾ അറിയാതെ പറഞ്ഞു പോയി . 

കിഴക്കൻകോട് കവലയിൽ വന്നാൽ ഇടത്തോട്ടു , അയാൾ സ്വയം പറഞ്ഞു. വലത്തോട്ട് കാടാണ്. പൊളിഞ്ഞു കിടക്കുന്ന ഒരു പെട്ടിക്കട അതാണ് അടയാളം. അത് കഴിഞ്ഞാൽപ്പിന്നെ ഒരു കിലോമീറ്റർ ആണ് കവലയിലേക്ക്. 

ചീവീടുകയുടെയും ദൂരെ എങ്ങോ ഓലി ഇടുന്ന പട്ടികളുടെയും ശബ്ദം. ബൈക്കിന്റെ ഹെഡ്‍ലൈറ് സാധാരണയിലും മങ്ങിയ പോലെ അയാൾക്കു തോന്നി, തൃക്കോവിലകം ചാത്തൻ ക്ഷേത്രം കഴിഞ്ഞുള്ള വളവിൽ എത്തിയപ്പോൾ ഹെഡ്‍ലൈറ് പ്രവർത്തനം നിർത്തി.

പിന്നെയും .. അയാൾ അറിയാതെ പറഞ്ഞു പോയി. 

നിലാവിന്റെയും മിന്നി കത്തുന്ന സ്ട്രീറ്റ്‌ലൈറ് ബുൾബുകളുടെയും വെളിച്ചത്തിൽ ബൈക്ക് മുന്നോട്ടു നീങ്ങി. സഹായം ചോദിയ്ക്കാൻ ഒരു വീട് പോലും ഇല്ലാത്ത സ്ഥലം. മുന്നോട്ടു തന്നെ, ഇനി മൂന്ന് കിലോമീറ്റര് കഷ്ടി. 


പൊളിഞ്ഞു കിടക്കുന്ന പെട്ടിക്കട കണ്ടു, ഇനി നിവർന്നു കിടക്കുന്ന റോഡ് ചെന്ന് എത്തുന്നത് കിഴക്കൻകോട് കവലയിൽ ആണ്. അവിടെന്നു ഇടത്തോട്ടു, ഡോക്ടർ സ്വയം മന്ത്രിച്ചു.

ദൂരെ ആരോ ഒരാൾ നില്കുന്നുണ്ടോ? അയാൾ കണ്ണാടി ഒന്ന് അഡ്ജസ്റ്റ് ചെയ്‌തു ബൈകിന്റെ വേഗത കുറച്ചു.ഇരുട്ടും മഞ്ഞും കാഴ്ചയെ മങ്ങിക്കുന്നു, ചെന്ന് നോക്കാം അയാൾ കരുതി. അടുക്കുംതോറും തെളിഞ്ഞു തുടങ്ങിയ ആ രൂപം പെട്ടെന്ന് മറഞ്ഞു. ഡോക്ടർ ചെറിയാൻ വണ്ടി നിർത്തി. 

തോന്നിയതാണോ? ആരിക്കും അയാളിൽ ചെറിയ ഒരു ഭയം ഉടെലെടുത്തു.

അമ്പ് മീറ്റർ കറക്റ്റ് ചെയ്യാൻ കിക്കെർ പയ്യെ പമ്പ് ചെയ്യാൻ അയാൾ കാല് ഉഅയർത്തി പെട്ടെന്ന് അതാ റെയർ വ്യൂ കണ്ണാടിയിൽ ഒരു രൂപം, അയാൾ ഞെട്ടി തരിച്ചു, ദേഹത്തെ രോമങ്ങൾ എല്ലാം എണിറ്റു നില്കുന്നപോലെ അയാൾക്കു തോനി മുഖം വിയർത്തു. ധൈര്യം സംഭരിച്ചു അയാൾ തിരിഞ്ഞു നോക്കി, 

ഇല്ല ആരും ഇല്ല. 

ഹാലൂസിനേഷൻ ഡ്യൂ ടു ഫിയർ, ദാറ്റ് ഈസ് ഓൾ . അയാൾ സ്വയം പറഞ്ഞു. പോക്കറ്റ് ഇരുന്ന കർചീഫ് എടുത്തു മുഖം തുടച്ചു. ഫ്ലാസ്കിൽ ബാക്കി ഉണ്ടാക്കുന്ന ചൂടുവെള്ളം തീർത്തു കുടിച്ചു അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്‌തു

 ഭാഗ്യം ഹെഡ്‍ലൈറ് ഓൺ ആയി, സമാധാനം. ബൈക്ക് മുന്നോട്ട് നീങ്ങി. തോളത്തു കിടക്കുന്ന ബാഗിന്റെ വള്ളിക്കു ഭാരം കൂടിയോ? അതോ ഒരു കൈ അതിന്റെ മുകളിൽ അമർത്തി വച്ചേക്കുന്നുവോ... 

കം ഓൺ ഡോക്ടർ ഡോണ്ട് ബി മാഡ് അയാൾ സ്വയം ഉറക്കെ പറഞ്ഞു പോയി. 

മഞ്ഞു ചെറു ചാറ്റൽ മഴ ആയി പെയ്‌തിറങ്ങി. കാട്ടുപൂക്കളുടെ സുഗന്ധം പടർന്ന ആ റോഡിലൂടെ അയാൾ മുനോട്ടു നീങ്ങി. അതാ കിഴക്കൻകോട് കവല എത്തി ഇനി ഇടത്തോട്ടു. 


കവലയിൽ എത്തിയ ബൈക്ക് ഇടത്തോട്ടു തിരിഞ്ഞില്ല, അത് വലത്തേക്ക് ഉള്ള വഴിയിൽ തിരിഞ്ഞു. ബൈക്കിന്റെ സ്പീഡ് കൂടി. അത് ചീറിപ്പാഞ്ഞു. സ്തംഭിച്ചു ഇരിക്കുന്ന ഡോക്ടറുടെ മുഖത്തു വിയർപ്പു തുള്ളികൾ നൃത്തം വച്ചു  കാറ്റത്തു പിറകിലേക്ക് ഒഴുകി. മഴത്തുള്ളികൾ അയാളുടെ കണ്ണാടിയിൽ താളം ചവിട്ടി. 

ടാർ ഇട്ട റോഡ് ഒരു കാലിങ്ങിൽ ചെന്ന് നിന്നു. അപ്പുറത്തു ഇളകി കിടക്കുന്ന ടാർ ഇടാത്ത റോഡ്. മഴയുടെ ശക്തി ചെറുതായി കൂടി. ബൈക്ക് ഓട്ടം തുടർന്നു. ഇളക്കി കിടക്കുന്ന കല്ലുകൾ തെറിപ്പിച്ചു അത് മുന്നോട്ടു പാഞ്ഞു. 

കണ്ണുകളുടെ ഇമവെട്ടാൻപോലും പറ്റാതെ ക്ടർ ചെറിയാൻ നിസ്സഹായതയുടെ കൊടുമുടി കയറി. 


റബ്ബർ മരങ്ങൾ തിങ്ങി നിൽക്കുന്ന ഒരു ചെറിയ മലയുടെ താഴെ വന്നു ആ വഴി അവസാനിച്ചു. ഇനി കഷിടിച്ചു ഒരു ഒറ്റയടിപ്പാത ആണ്. ഒട്ടും വേഗത കുറയാതെ ബൈക്ക് മുന്നോട്ടു കുതിച്ചു. പാറ കല്ലുലാകും കുറ്റിച്ചെടികളും വക വയ്ക്കാതെ അത് ഒരു കാട്ടു കുതിരയെപ്പോലെ പാഞ്ഞു 

ദേഹം സ്തംഭിച്ച ഡോക്ടർ ചെറിയാൻ എങ്ങനെയോ റെയർ വ്യൂ കണ്ണാടിയിലേക്ക് നോക്കി. കാറ്റത്തു അലയടിക്കുന്ന കേശഭാരത്തിന്റെ ഇടയിലൂടെ പുഞ്ചിരിക്കുന്ന കണ്ണുകള് അയാളെ തിരിച്ചു നോക്കി. ആ കണ്ണുകളുടെ വശ്യത ഒരു നിമിഷം അയാളുടെ ഭയത്തിൽ പ്രണയത്തിന്റെ നിറം ചാർത്തി. 

ഒരു നിമിഷം അത്ര മാത്രം. 


ഇടിയാറായ ഒരു പഴയ ബംഗ്ലാവിന്റെ മുന്നിൽ ചെന്ന് ബൈക്ക് ഓഫ് ആയി. ചുറ്റും ഗ്ലാസ് ജനാലകൾ ഉള്ള ഒരു വല്യ ബംഗ്ലാവ്, ഒരു വശത്തു മുകളിലേക്ക് കയറി പോകുന്ന കോണി പടികൾ. അതിനു മുകളിൽ അതിമനോഹരമായ ഒരു ഷാൻലിയാർ. കൂര പൊളിഞ്ഞ ആ ബംഗ്ലാവിന്റെ മനോഹാര്യതക്കു നിലാവെളിച്ചം മാറ്റ് കൂട്ടി. മുറ്റത്തു തോളറ്റം ഉയർന്നു നിക്കുന്ന പുല്ലിന്റെ ഇടയിലൂടെ ഏതെല്ലാം  കാണാമായിരുന്നു 


 മഴ ശമിച്ചു, എങ്ങും മഞ്ജു പടർന്നു. ചീവിടുളയുടെ ശബ്ദം നിലച്ചു, പട്ടികളുടെ ഓലിയിടൽ നിന്നു. എങ്ങും സുഗന്ധം പരത്തി ഒരു തണുത്ത ഇളം കാറ്റു ഡോക്ടറിന്റെ മുഖത്തു തലോടി. മൃദുവായ ഒരു കയ്യുടെ വിരലുകൾ പോലെ. 

ബൈകിന്റെ ബാക് സസ്പെന്ഷന് ഒന്ന് അനങ്ങി. 

നിശബ്ദദ, അയാൾ കാല് പയ്യെ പൊക്കി കിക്കറിൽ വച്ചു, തികച്ചും മരവിച്ച മനസ്സോടെ അയാൾ സാവധാനം മലയിറങ്ങി. കാലിങ്ങും താണ്ടി ബൈക്ക് മെല്ലെ മുന്നോട്ടു നീങ്ങി. കിഴക്കൻകോട് കവലയിൽ എത്തിയ ബൈക്ക് മെല്ലെ വലത്തേക്ക് തിരിഞ്ഞു നീങ്ങി. 

സുഗന്ധം പറത്തി ഒരു നീണ്ട തലനാരിഴ അയാൾ അറിയാതെ അയാളെ ആലിംഗനം ചെയ്തു ഒട്ടികിടന്നു.