അന്നും അപ്പു മുതലാളി അതിരാവിലെ കട തുറന്നു. ഒരു കാലത്ത് നാട്ടിലെ ഏക പലവ്യഞ്ജന കടയായിരുന്നു മുതലാളിയുടേത്. കാലം മാറിയിരിക്കുന്നു. കടയുടെ മുന്പിലൂടെ കടന്നു പോകുന്ന പൊടി പറന്നിരുന്ന റോഡ് ഇപ്പോള്‍ ടാര്‍ ഇട്ട വീതിയുള്ള റോഡാണ്. കാളവണ്ടികള്‍ മാറി കാറും ലോറിയും ബസ്സുമൊക്കെയായി. മറ്റു വലിയ കടകള്‍ ചുറ്റും വന്നു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വന്നു. അപ്പു മുതലാളിക്കും മാറ്റം വന്നിരിക്കുന്നു മാറ്റങ്ങള്‍. വെളുത്ത മുണ്ടും തേച്ച് വടിവുള്ള ഷര്‍ട്ടും മാറി, മുഷിഞ്ഞ തോര്‍ത്തും കൈലിയുമായി വേഷം. മുതലാളി എന്ന് ചെറിയ ഭയത്തോടെ വിളിച്ചിരുന്ന നാട്ടുകാര്‍ ഇപ്പോള്‍ അങ്ങനെ വിളിക്കാറില്ല. കടയിലെ അപ്പൂപ്പന്‍ എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. എല്ലാം മാറിയെങ്കിലും കടയ്ക്ക് മാത്രം ഒരു മാറ്റവും സംഭവിച്ചിട്ടില്ല. പഴയ ഒരു മേശയും കസേരയും, പലകകള്‍ കൊണ്ടുള്ള വാതിലും, മിഠായി ഡപ്പികളും, പഴകി കറുത്ത എണ്ണപാത്രവും, തുരുന്പ് എടുത്തു തുടങ്ങിയ തുലാസും എല്ലാം ആ കടയുടെ പഴമ കാത്തു സൂക്ഷിച്ചിരുന്നു.
കട തുറന്ന് മുതലാളി കസേരയില്‍ ഇരുന്നു. തോളത്തു കിടന്ന തോര്‍ത്തെടുത്ത് മുഖം തുടച്ചു. മേശപ്പുറത്തിരുന്ന കറുത്ത ഫ്രെയ്മുള്ള കണ്ണട മുഖത്തു വെച്ചു. മുടിയെല്ലാം കൊഴിഞ്ഞ തന്‍റെ തല തടവിക്കൊണ്ട് അയാള്‍ പാത്രം കൈയില്‍ എടുത്തു നിവര്‍ത്തി. മുഖത്തു വളര്‍ന്ന കുറ്റിരോമങ്ങള്‍ പയ്യേ ചൊറിഞ്ഞുകൊണ്ട് പത്രം മുഖത്തോട് അടുപ്പിച്ച് വായിക്കാന്‍ ശ്രമം തുടങ്ങി.
മുതലാളീ - വിളികേട്ട് അയാള്‍ മുഖമുയര്‍ത്തി നോക്കി. പാപ്പനായിരുന്നു അത്. വര്‍ഷങ്ങളായി ചരക്കുകള്‍ എത്തിച്ചുകൊടുക്കുന്നയാള്‍. അപ്പു മുതലാളിയെ ഇപ്പോഴും മുതലാളി എന്നു വിളിക്കുന്ന ചുരുക്കം ചിലരില്‍ ഒരാള്‍.
ചരക്കെടുക്കണ്ടെ - അയാള്‍ ചോദിച്ചു. ഒട്ടിയ കവിളും ചൊറിഞ്ഞ് ഒരു ചെറുപുഞ്ചിരിയോടെ അയാള്‍ മടിക്കുത്തില്‍ നിന്നും ഒരു ബീഡി എടുത്തു കത്തിച്ചു. നേരം അപ്പോഴും വെളുത്തു വരുന്നതെയുണ്ടായിരുന്നുള്ളു.
വായിച്ചുകൊണ്ടിരുന്ന പത്രം മടക്കി മേശപ്പുറത്ത് വെച്ച് അപ്പു മുതലാളി പാപ്പനെ നോക്കി. മെലിഞ്ഞു നീണ്ട ശരീരം മടക്കി കുത്തിയ കൈലിയും ചുവന്ന കൈയില്ലാത്ത ബനിയനും എപ്പോഴും അയാളുടെ കറുത്ത ശരീരത്ത് ഒട്ടിക്കിടക്കുന്നു. തലയിലെ കെട്ടഴിച്ച് അയാള്‍ പടിയില്‍ കുത്തിയിരുന്നു. മേശ തുറന്ന് നൂറിന്‍റെ ഒരു ചെറിയ കെട്ട് എടുത്ത് മുതലാളി പാപ്പനു നീട്ടി, ബീഡിക്കുറ്റി രണ്ട് മൂന്ന് പ്രാവശ്യം ആഞ്ഞുവലിച്ച് റോഡിലേക്ക് എറിഞ്ഞിട്ട് പാപ്പന്‍ പൈസ കൈനീട്ടി വാങ്ങി. കൈലി ഒന്നൂടെ മടക്കി കുത്തി തുരുന്പെടുത്ത സൈക്കിള്‍ ചവിട്ടി അയാള്‍ നീങ്ങി. അപ്പു മുതലാളി പത്രംവായന തുടര്‍ന്നു.
അപ്പു മുതലാളിയുടെ കടയുടെ തൊട്ടടുത്തായിരുന്നു കുറുപ്പിന്‍റെ ചായക്കട. അപ്പു മുതലാളിയുടെ കടയോളം പഴക്കമില്ലെങ്കിലും സീനിയോരിറ്റി ലിസ്റ്റ് പ്രകാരം രണ്ടാം സ്ഥാനമുണ്ടാകും ചായക്കടയ്ക്ക്. എന്നും രാവിലെ ഒന്പത് മണിക്കും വൈകുന്നേരവും ചായക്കടയില്‍ നിന്നും കട്ടന്‍ കാപ്പിയും കടിയും അപ്പുമുതലാളിക്ക് സ്ഥിരം കുറുപ്പ് കൊടുത്തയക്കും. മാസാവസാനം ആണ് പറ്റ് തീര്‍ക്കാറ്. എല്ലാ മാസവും അതിന്‍റെ കണക്ക് പറഞ്ഞ് രണ്ടു പേരും വഴക്കുണ്ടാക്കും. വര്‍ഷങ്ങളായി അത് കാണുന്നതുകൊണ്ട് നാട്ടുകാര്‍ ആരും ഇടപെടാറില്ല. കുറുപ്പ് അപ്പു മുതലാളിയെ കള്ളമുതലാളി എന്നുൺ അപ്പു മുതലാളി കുറുപ്പിനെ കള്ളകുറുപ്പെന്നും വിളിക്കും. സാമാന്യം വണ്ണവും കുടവയറും ഉള്ള കുറുപ്പ് ഈ വഴക്കു നടക്കുന്പോള്‍ മാത്രമാണ് കാപ്പിക്കടയില്‍ നിന്നും വെളിയില്‍ ഇറങ്ങുക. അല്ലാത്തപ്പോള്‍ എന്തെങ്മകിലുൺ കുത്തിക്കുറിച്ചുകൊണ്ട് മേശയ്ക്കു മുന്പില്‍ ഒരേ ഇരിപ്പാണ്.
കുറുപ്പിന്‍റെ വടയും ചായയുൺ നാട്ടില്‍ പ്രസിദ്ധമാണ്. അതു വാങ്ങാന്‍ സിറ്റിയില്‍ നിന്നുവരെ ആളുകള്‍ വരുന്നുണ്ട് എന്നാണ് കുറുപ്പ് പറയാറ്. ചായക്കടയിലേക്കുള്ള സാധനങ്ങള്‍ എല്ലാം അപ്പു മുതലാളിയുടെ കടയില്‍ നിന്നാണ് വാങ്ങുക.
കുറുപ്പ് ചായക്കട നടത്തുന്നതിന് മുന്പ് പട്ടാളത്തിലായിരുന്നു. യുദ്ധത്തിലൊക്കെ പങ്കെടുത്തിട്ടുണ്ടെന്നാണ് കുറുപ്പിന്‍റെ വാദം. പട്ടാളത്തിലെ ജീവിതത്തിന്‍റെ ഓര്‍മ്മയ്ക്കായ് ആകെ ബാക്കിയുള്ളത് ഒരു കൊന്പന്‍ മീശയാണ്. അപ്പു മുതലാളി തികഞ്ഞ ഒരു പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്തിട്ടുണ്ടെന്നും ഇല്ലെന്നും നാട്ടില്‍ തര്‍ക്കമുണ്ട്.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. പാപ്പന്‍ മുറിബീഡിയും വലിച്ച് കടയുടെ മുന്പില്‍ കുത്തിയിരുപ്പാണ്. പാപ്പനെ കാത്ത് സൈക്കിള്‍ വെളിയിലും.
കച്ചവടം അത്രപോര - മുതലാളി പാപ്പനെ നോക്കി പറഞ്ഞു. പുകയുന്ന ബീഡിക്കുറ്റിയില്‍ കടിച്ചു പിടിച്ച് പുരികം പൊക്കി പാപ്പന്‍ പറഞ്ഞു.
കാലം മാറി, കാലത്തിനൊത്തു മാറണം. പീടിക ഒന്നു പരിഷ്കരിക്കണം. - മുതലാളിയുടെ മുഖം ചുളിഞ്ഞു. പറഞ്ഞത് അബദ്ധം ആയെന്ന് പാപ്പന് മനസ്സിലായി. പാപ്പന്‍ തുടര്‍ന്നു.
അല്ലെ അതു വേണമെന്നില്ല. പക്ഷേ നിങ്ങളുടെ ഈ നിരീശ്വരവാദം ഒക്കെ വിട്ടിട്ട് ഒരു വഴിപാട് നടത്തണം. പീടികയുടെ ഐശ്വര്യത്തിനായ്. - തികഞ്ഞ നിരീശ്വരവാദിയായ അപ്പു മുതലാളിക്ക് അത് തീരെ പിടിച്ചില്ല. എടുത്തു പറയാന്‍ പറ്റാത്ത ഏതോ ചീത്ത അയാള്‍ പാപ്പനെ വിളിച്ചു. പിന്നെയും അബദ്ധം പറ്റിയെന്ന് പാപ്പന് മനസ്സിലായി. ഇനി ഇരുന്നാല്‍ പന്തിയല്ല - അയാള്‍ ചിന്തിച്ചു. വലിച്ചുകൊണ്ടിരുന്ന ബീഡിക്കുറ്റി വലിച്ചെറിഞ്ഞ് പുകയും ഊതി പാപ്പന്‍ സൈക്കിളില്‍ കയറി യാത്രയായി.
ചീത്ത വിളിച്ചെങ്കിലും പാപ്പന്‍ പറഞ്ഞതിലും കാര്യമില്ലെ എന്ന് മുതലാളി ഒന്നു ആലോചിച്ചു. വിഡ്ഡി കുറുപ്പിന് വെച്ചടി വെച്ചടി കയറ്റമാണ്. ഹോട്ടല്‍ മുഴുവന്‍ ദൈവങ്ങളുടെ പടങ്ങളാണ്. മുതലാളിയുടെ ഉള്ളിലെ നിരീശ്വരവാദിയുൺ പച്ചമനുഷ്യനുൺ തമ്മില്‍ ഒരു പിടിവലി നടന്നു.
അടുത്തുള്ള ദേവീക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി. നാടെങ്ങും ആഘോഷമയം. അന്പലപ്പറന്പില്‍ നാടകങ്ങളും ആഘോഷങ്ങളും നടക്കുന്നു. അന്നു കുറുപ്പ് നേരത്തെ കടയടക്കുന്നത് അപ്പു മുതലാളി ശ്രദ്ധിച്ചു.
താനെന്താടെ വിഡ്ഡി കുറുപ്പെ കടയടയ്ക്കുന്നത്
പുച്ഛം നിറഞ്ഞ ചിരിയോടെ മുതലാളി ചോദിച്ചു. രൂക്ഷമായ ഒരു നോട്ടമല്ലാതെ ഒരു പ്രതികരണവും കുറുപ്പിന്‍റെ അടുത്തു നിന്നും ഉണ്ടായില്ല.
ഹ താന്‍ പിണങ്ങാതെ കാര്യം പറഞ്ഞിട്ടു പോടൊ. മുതലാളി പിന്നെയും ചോദിച്ചു.
ഉം വയറും തിരുമ്മി കുറുപ്പ് പീടികയിലേക്ക് ചെന്നു.
ഇന്ന് ദേവിക്ക് വിശേഷ ദിവസമാണ്. ഇന്ന് വെടിവഴിപാട് നടത്തിയാല്‍ സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാകും എന്നാണ് വിശ്വാസം - കുറുപ്പ് പറഞ്ഞു.
പിന്നെ തന്നെപ്പോലുള്ള മണ്ടന്മാരായ നിരീശ്വരവാദികള്‍ക്ക് ഇതൊക്കെ കേള്‍ക്കുന്പോള്‍ തമാശയായിരിക്കും.
വയറും തിരുമ്മി കുറുപ്പ് നടന്നകന്നു. എന്തോ ആലോചിച്ചിട്ട് അപ്പു മുതലാളി അവിടെ ഇരുന്നു.
താലപ്പൊലിയും ഘോഷയാത്രയുമായി ഉത്സവാഘോഷം അപ്പു മുതലാളിയുടെ കടയുടെ മുന്നിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നു. താലമേന്തിയ പെണ്‍കുട്ടികള്‍, പഞ്ചവാദ്യം, ആനകള്‍, കാവടികള്‍ എല്ലാം ഒന്നിന് പിന്നാലെ ഒന്നായി കടന്നു പൊയ്ക്കൊണ്ടിരുന്നു. കസേര പുറത്തേക്കു നീക്കിയിട്ട് അപ്പുമുതലാളി തോര്‍ത്തുകൊണ്ട് കാറ്റു വീശിയിരുന്നു. ഇടയ്ക്ക് വെടിയുടെ ശബ്ദം കേള്‍ക്കുന്നുണ്ട്. അത് അടുത്തടുത്ത് വന്നു.
മുതലാളി ഒരു രൂപ തന്നാല്‍ വെടിവഴിപാട് നടത്താം. - കറുത്ത് മെലിഞ്ഞ് വള്ളിനിക്കര്‍ ഇട്ട ഒരു പയ്യനാണ് അത് പറഞ്ഞത്. കയ്യില്‍ വെടിക്കുറ്റികളുടെ ഒരു കുട്ടയും കത്തിച്ച കയര്‍ കഷണവും. അപ്പു മുതലാളി ഒന്ന് ആലോചിച്ചു. എന്നിട്ട് പെട്ടെന്ന് മേശ തുറന്ന് ഒരു രൂപ എടുത്ത് പയ്യന്‍റെ കൈയില്‍ കൊടുത്തു.
ഠൊ - പൈസ കൊടുത്തതുൺ വെടി പൊട്ടിയതും ഒരുമിച്ചായിരുന്നു.
അയ്യോ - മുതലാളി അറിയാതെ നിലവിളിച്ചുപോയി. കണ്ണു തുറന്നപ്പോഴേക്കും പയ്യന്‍ അടുത്ത കടയിലേക്ക് ഓടിപ്പോയിരുന്നു. ഉടനെ ചെവിയില്‍ ഒരു വണ്ടു മൂളുന്നതുപോലെ മുതലാളിക്ക് തോന്നി. മുതലാളിയുടെ വലത്തെ ചെവിയിലും മുഖത്തും വെടിമരുന്നു പറ്റിയിരുന്നു. ഒന്നും മിണ്ടാതെ മുതലാളി കസേരയില്‍ പോയി ഇരുന്നു. ചെവിയിലെ മൂളല്‍ അപ്പോഴുൺ ശക്തിയായി തുടരുന്നുണ്ടായിരുന്നു. മുതലാളി ചെറുവിരല്‍ ചെവിയില്‍ ഇട്ടു കുലുക്കി നോക്കി. തോളത്തു കിടന്ന തോര്‍ത്തെടുത്ത് ഒരറ്റം കൂര്‍പ്പിച്ച് ചെവിയില്‍ ഇട്ടുനോക്കി. രക്ഷയില്ല. ചെവിയിലെ മൂളല്‍ അങ്ങനെ തന്നെ. പണ്ട് ദൂരദര്‍ശനില്‍ പരിപാടി തുടങ്ങുന്നതിനു മുന്പ് പഞ്ചവര്‍ണത്തില്‍ തെളിഞ്ഞു നില്‍ക്കുന്ന ടെസ്റ്റ് സ്ക്രീനിന്‍റെ പിന്നണി ശബ്ദം പോലെ ആ മൂളല്‍ അങ്ങനെ തന്നെ നിന്നു.
താലപ്പൊലികള്‍ പിറകെ വന്ന് മേളം തകര്‍ക്കുകയാണ്. മുതലാളി ഇടത്തെ ചെവി പൊത്തിപ്പിടിച്ചു നോക്കി. ഒന്നും കേള്‍ക്കുന്നില്ല. മൂളല്‍ മാത്രം.
പിറ്റെന്ന് രാവിലെ പീടികയില്‍ വന്ന പാപ്പന്‍ കണ്ടത് ദുഃഖിതനായി ഇരിക്കുന്ന അപ്പു മുതലാളിയെയാണ്. പാപ്പന്‍ ആകെയുള്ള പത്ത് പല്ല് കാണിച്ച് ഒന്നു ചിരിച്ചു കാണിച്ചു. മുറുക്കി കറ പിടിച്ച പാപ്പന്‍റെ പല്ലുകള്‍ ആ ഒട്ടിയ മുഖത്തിന് ഒരു ആഭരണമായിരുന്നു. അപ്പു മുതലാളി ഒന്നും മിണ്ടിയില്ല. പാപ്പന്‍ പതുക്കെ കുറുപ്പിന്‍റെ ചായക്കടയിലേക്ക് നീങ്ങി.
അല്ല കുറുപ്പേട്ടാ, നമ്മുടെ അപ്പു മുതലാളിക്ക് എന്തു പറ്റി.
ചായക്കടിയേല്ക്ക് തലമുട്ടാതെ കുനിഞ്ഞ് കയറിവന്ന് പാപ്പനോട് ചോദിച്ചു. ചില്ലറ എണ്ണല്‍ നിര്‍ത്തി കുറുപ്പ് കണ്ണുമിഴിച്ച് പാപ്പനെ നോക്കി.
എന്ത്. അയാള്‍ക്ക് എന്തുപറ്റി. - കുറുപ്പ് മുഖത്തിരുന്ന കണ്ണട കുറുപ്പ് മേശപ്പുറത്തു വെച്ചു. പാപ്പന്‍ തുടര്‍ന്നു.
ഒരു വല്ലായ്മ, ഒരു ഉഷാര്‍ ഇല്ലാത്തതുപോലെ.
ചായ കുടിച്ചുകൊണ്ടിരുന്ന പഞ്ചായത്ത് മെന്പര്‍ ചാണ്ടിക്കുഞ്ഞ് കസേരയില്‍ നിന്ന് എണീറ്റ് പാപ്പന്‍റെ അടുത്തെത്തി.
എന്തു പറ്റി പാപ്പാ, നീ കാര്യം പറ.
ചുരുങ്ങിയ സമയം കൊണ്ട് കുറുപ്പിന്‍റെ ചായക്കട ചൂടുള്ള ഒരു തര്‍ക്കഭൂമിയായി മാറി. കടയില്‍ കയറിയവരാരും പുറത്തേക്ക് വന്നില്ല. അപ്പു മുതലാളിയുടെ മൗനമായിരുന്നു വിഷയം. തര്‍ക്കത്തിന്‍റെ കൂടെ കുറുപ്പിന്‍റെ കച്ചവടവുൺ പൊടിപൊടിച്ചു. ഒടുവില്‍ മെന്പര്‍ ഒരു തീര്‍പ്പു കല്‍പിച്ചു. കുറുപ്പെ താന്‍ നല്ല ചങ്ങാതിയാണല്ലോ. താന്‍ പോയി നയത്തില്‍ സംഗതി അറിഞ്ഞു വരണം - കുറുപ്പു പിന്നെയും തന്‍റെ ഉണ്ടക്കണ്ണ് തള്ളി.
കുറുപ്പ് മനസ്സില്ലാമനസ്സോടെ അപ്പു മുതലാളിയുടെ കടയിലേക്ക് നടന്നു. പിന്നില്‍ നിന്നും പല കണ്ണുകള്‍ കുറുപ്പിനെ തള്ളി വിടുന്നുണ്ടായിരുന്നു. തിരിഞ്ഞു നോക്കി കുറുപ്പ് നടന്നു.
താനെന്താടോ കുരങ്ങന്‍ ചത്ത കുറവനെപ്പോലെ ഇരിക്കുന്നത്, എന്തു പറ്റി.
കുറുപ്പ് ചോദിച്ചു. അപ്പു മുതലാളിക്ക് ഒരു കുലുക്കവും ഇല്ല. താഴേക്കു നോക്കി ഒരേ ഇരുപ്പാണ്. കുറുപ്പ് വന്നതും നിന്നതും ഒന്നും അയാള്‍ അറിഞ്ഞില്ല. കുറുപ്പ് തല ചൊറിഞ്ഞു. കുറച്ചു കൂടെ അടുത്തു ചെന്ന് കുറുപ്പ് ചോദ്യം ആവര്‍ത്തിച്ചു.
ഹെ - അപ്പു മുതലാളി ഇടത്തെ ചെവി കുറുപ്പിന്‍റെ നേരെ ചെരിച്ചു. കുറുപ്പ് അതിന്‍റെ അടുത്ത് കൈവച്ച് ചോദിച്ചു - തനിക്കെന്തുപറ്റി, വല്ലാതിരിക്കുന്നല്ലോ. മുതലാളി നടന്ന കഥ പറഞ്ഞു. ഇപ്പോള്‍ വലത്തെ ചെവിയില്‍ ഒരു മൂളല്‍ അല്ലാതെ ഒന്നും കേള്‍ക്കാനില്ല. മുതലാളി തല കുനിച്ചു. കുറുപ്പിന്‍റെ മുഖം വാടി, കണ്ണു നിറഞ്ഞു.
എന്നാലും നിനക്കീ പറ്റു പറ്റിയല്ലോ. മനുഷ്യന്‍റെ കാര്യം ഇത്രേ ഉള്ളൂ.
അപ്പു മുതലാളി അതു കേട്ടതായി കുറുപ്പിനു തോന്നിയില്ല. താന്‍ തിരികെ പോവുകയാണെന്ന് ആംഗ്യഭാഷയില്‍ കാണിച്ചിട്ട് കുറുപ്പ് നടന്നകന്നു. അപ്പോഴും അപ്പു മുതലാളി താടിക്കു കൈ കൊടുത്ത് ഒരേ ഇരുപ്പാണ്.
കുറുപ്പിന്‍റെ റിപ്പോര്‍ട്ട് പ്രതീക്ഷിച്ച് ചായക്കടയില്‍ ഇരുന്നവരൊക്കെ പുറത്തു വന്നു.
എന്താ കുറുപ്പേട്ടാ പ്രശ്നം അതില്‍ ആരോ ചോദിച്ചു. കുറുപ്പ് എല്ലാവരേം ഒന്നു നോക്കീട്ട് ഒന്നും മിണ്ടാതെ അകത്തു കയറിപ്പോയി. തള്ളക്കോഴീടെ പുറകെ കുഞ്ഞുകോഴികള്‍ പിറകെ അകത്തേക്കു പോയി. പപ്പന്‍ മാത്രം കൂട്ടത്തില്‍ നിന്നും മാറി തിരികെ അപ്പു മുതലാളിയുടെ അടുത്തേക്ക് നടന്നു.
വൈകുന്നേരൺ കുറുപ്പിന്‍റെ ചായക്കടയില്‍ പിന്നെയും എല്ലാവരും കൂടി. അപ്പു മുതലാളിയെ എങ്ങനെ സഹായിക്കാം എന്നതായിരുന്നു ചര്‍ച്ചാവിഷയം.
വൈദ്യനെ കാണിച്ചാലൊ - മെന്പര്‍ ചോദിച്ചു.
നാട്ടുവൈദ്യം ബെസ്റ്റാ - അയാള്‍ കൂട്ടിച്ചേര്‍ത്തു.
ഏയ്, അതൊന്നും ശരിയാവില്ല. കൊച്ചിയില്‍ കൊണ്ടുപോയി ഒരു നല്ല ഡോക്ടറെ കാണിക്കാം. - കുറുപ്പ് പേന ചൂണ്ടിപിടിച്ചു പറഞ്ഞു.
അതു നടക്കില്ല - ഒരു ബീഡി കത്തിച്ചുകൊണ്ട് പാപ്പന്‍ കടയിലേക്ക് കയറി ഇരുന്നുകൊണ്ട് പറഞ്ഞു.
മുതലാളിക്ക് ആശുപത്രി എന്നു പറയുന്നത് തന്നെ കലിയാണ്. ഡോക്ടറെ കണ്ടാല്‍ പേടിച്ചു ബോധൺ കെടും, അതാണ് പ്രകൃതം.
ചായക്കടയില്‍ നിശബ്ദത പടര്‍ന്നു. കട്ടന്‍കാപ്പിയും കുടിയും ചെലവായിക്കൊണ്ടിരുന്നു. പക്ഷേ എന്തു ചെയ്യണം എന്നു മാത്രം ആര്‍ക്കും ഒരു പിടിയും കിട്ടിയില്ല.
കുറുപ്പിന്‍റെ ഭാര്യ ഭാര്‍ഗവിയമ്മയാണ് അടുക്കളടുയെ മാനേജര്‍. കൈ കഴുകി ഉടുത്തിരുന്ന മുണ്ടില്‍ തുടച്ചുകൊണ്ട് അവര്‍ അടുക്കളയില്‍ നിന്നും അരങ്ങത്തേക്കു വന്നു. വെളുത്ത് തടിച്ച, ഉച്ചിയില്‍ കുടുമ കെട്ടിയ അവര്‍ ആയകാലത്ത് ആ നാട്ടിലെ ഏറ്റവും സുന്ദരിയായിരുന്നു എന്നാണ് കുറുപ്പ് പറയാറ്.
കുറുപ്പിന്‍റെ അടുത്ത് വന്നുനിന്ന് അവര്‍ പറഞ്ഞു.
അല്ല, ഞാന്‍ ഒന്നു ചോദിക്കട്ടെ - എല്ലാ കണ്ണുകളും ആകാംക്ഷയോടെ അവരെ നോക്കി.
ഒരു വെടി പൊട്ടിയപ്പോഴാണല്ലോ അപ്പുവേട്ടന്‍റെ കാതടച്ചത്. അപ്പൊ അടുത്ത വെടിയൊച്ചയില്‍ അതു തുറന്നാലൊ.
അവര്‍ കുറുപ്പിനെയും മറ്റുള്ളവരേയും മാറിമാറി നോക്കി. നിശബ്ദത. ഇമവെട്ടാതെ കണ്ണുകള്‍ കുറുപ്പിന്‍റെ മുഖത്ത് പതിഞ്ഞു. കണ്ണാടിയൂരി മേശപ്പുറത്തു വെച്ച് കുറുപ്പ് ചെറുപുഞ്ചിരിയോടെ തന്‍റെ ഭാര്യയെ നോക്കി. പറഞ്ഞത് ശരിവെച്ചു കൊണ്ട് അയാള്‍ പതുക്കെ തലയാട്ടി. ചായക്കടയില്‍ ചെറുപുഞ്ചിരികള്‍ അലയടിച്ചു. കാപ്പി കുടിയുടെ വേഗത കൂടി. ഒളിംപിക്സില്‍ മെഡല്‍ നേടിയ കായികതാരത്തെപോലെ ഭാര്‍ഗവിയമ്മ അഭിമാനത്തോടെ ഞെളിഞ്ഞു നിന്നു. താരത്തിന്‍റെ കോച്ചിനെപ്പോലെ കുറുപ്പും.
നമുക്ക് മുതലാളിയോട് ഇപ്പോ തന്നെ പോയി പറഞ്ഞാലൊ... ആവേശത്തോടെ പപ്പനാണ് അത് ചോദിച്ചത്.
വേണ്ട. നേരമിരുട്ടി. നാളെയാവട്ടെ. - കുറുപ്പ് പറഞ്ഞു. ഒരു നല്ല സിനിമ കണ്ട് സന്തോഷത്തോടെ തീയേറ്റളില്‍ നിന്നും പോകുന്ന പ്രേക്ഷകരെപ്പോലെ സഭ പിരിഞ്ഞു. ചായക്കടയില്‍ നിന്നും എല്ലാവരും സ്ഥലം വിട്ടപ്പോള്‍ ഭാര്‍ഗവിയമ്മയുടെ കൈയെടുത്ത് നെഞ്ചത്ത് വച്ച് കുറുപ്പ് പറഞ്ഞു. നിന്നെ നിന്‍റപ്പന്‍ പൊട്ടന്‍പിള്ള പഠിക്കാന്‍ വിട്ടിരുന്നുവെങ്കില്‍ നീ കുറഞ്ഞത് ഒരു കലക്ടര്‍ എങ്കിലും ആയേനേ.
എന്‍റച്ഛനെ പൊട്ടനെന്നു വിളിച്ചാലുണ്ടല്ലോ - പുഞ്ചിരി കലര്‍ന്ന ദേഷ്യത്തോടെ അവര്‍ പറഞ്ഞു. എനിക്കീ ചായക്കടയിലെ പുകയുൺ പൊടിയും മതിയേ. - വിരല്‍കൊണ്ട് മേശപ്പുറത്ത് വരച്ചുകൊണ്ട് അല്പം ലജ്ജയോടെ അവര്‍ പറഞ്ഞു. കുറുപ്പ് പുഞ്ചിരിയോടെ എഴുന്നേറ്റ് അവരെ ചേര്‍ത്തു പിടിച്ചു. ചീവീടുകളുടെ ശബ്ദത്തിന്‍റെ ഇടയില്‍ ദൂരെയെവിടെയോ ഒരു പട്ടി ഓരിയിടുന്ന ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു.
പിറ്റേന്നു കട തുറക്കാന്‍ വന്ന അപ്പു മുതലാളി ഒന്നു ഞെട്ടി. പീടികപടിക്കല്‍ ഒരു ചെറിയ ആള്‍ക്കൂട്ടം. കുറുപ്പും ഭാര്യയും മെന്പറും പിന്നെ നാട്ടിലെ ചില ഛോട്ടാ പ്രമുഖരും. മുന്പില്‍ നെഞ്ചും വിരിച്ച് പാപ്പനും. ബനിയന്‍റെ അടിയില്‍ നിന്നും പാപ്പന്‍റെ എല്ലുകള്‍ അഭിമാനത്തോടെ ഉന്തി നില്‍ക്കുന്നു. അപ്പു മുതലാളിക്ക് കാര്യം പിടികിട്ടിയില്ല. ഇനി പാപ്പന് ലോഡെടുക്കുന്നതിന്‍റെ കൂലി പോര എന്നെങ്ങാനും മെന്പറോട് പരാതിപ്പെട്ടു കാണുമോ. അതോ കുറുപ്പ് പകവീട്ടലിന് നില്‍ക്കുകയാണോ. അതോ പാര്‍ട്ടി പിരിവിന് അഞ്ചു രൂപ മാത്രം കൊടുത്തതിന്‍റെ ദേഷ്യം തീര്‍ക്കാന്‍ മെന്പറെങ്ങാനും വിളിച്ചു കൂട്ടിയതാണോ ഇവരെയെല്ലാം. അപ്പു മുതലാളി തല ചൊറിഞ്ഞങ്ങനെ നിന്നു. കട തുറക്കാനായി അപ്പു മുതലാളി മുന്നോട്ടു വന്നു. മനസ്സില്‍ ഉള്ള ഭയം വെളിയില്‍ കാണിക്കാതെ ഇടതും വലതും നോക്കാതെ മുതലാളി മുന്പോട്ടു കാല്‍വച്ചു. കൂടി നിന്നവരെല്ലാം ഒരു ചുവട് മാറിനിന്നു. മുതലാളി കട തുറന്ന് കസേരയില്‍ ഇരുന്നു. പാപ്പന്‍ മുതലാലീടെ അടുത്തു ചെന്നു.
മുതലാളീ - പാപ്പന്‍ വിളിച്ചു.
മുതലാളീയുടെ ചെവി ഇപ്പോള്‍ സുഖമായോ. ഇല്ലെങ്കില്‍ ഒരു പ്രതിവിധിയുമായി ആണ് ഞങ്ങള്‍ വന്നിരിക്കുന്നത്.
പാപ്പന്‍ പുഞ്ചിരിയോടെ പറഞ്ഞു. പുറകില്‍ നിന്നവര്‍ ഒരുമിച്ച് തലയാട്ടി. അപ്പു മുതലാളി കുന്തം വിഴുങ്ങിയതുപോലെ ഇരിക്കുകയാണ്.
മുതലാളീ - പാപ്പന്‍ പിന്നെയും വിളിച്ചു. മുതലാളി തലയുയര്‍ത്തി എല്ലാവരേം ഒന്നു നോക്കി എന്നിട്ടു പറഞ്ഞു.
ഇപ്പോള്‍ കുറവുണ്ട്. എന്നാലും ചെറിയൊരു മൂളല്‍ ഉണ്ട്, സാരമില്ല.
കൂടി നിന്നവര്‍ തമ്മില്‍ നോക്കി. നിശബ്ദത മുറിച്ചുകൊണ്ട് കുറുപ്പിന്‍റെ ഭാര്യ മുന്നിലേക്ക് വന്നു.
അപ്പു അണ്ണാ അങ്ങനെ പറയരുത്. നമുക്ക് അത് പൂര്‍ണമായും മാറ്റണ്ടേ. ഈ ചെറിയ മൂളലുകൊണ്ട് നടക്കുവാന്‍ പറ്റുമോ.
അപ്പു മുതലാളി ഭാര്‍ഗവിയമ്മയെ അടിമുടിയൊന്നു നോക്കി. പണ്ട് അപ്പു മുതലാളിക്ക് ഭാര്‍ഗവിയമ്മയുടെ കല്യാണ ആലോചന വന്നതാണ്. കേശുപണിക്കര്‍ ജാതകം ചേരുന്നില്ല എന്ന് പറഞ്ഞാണ് അത് മുടങ്ങിപ്പോയത്. കുറുപ്പ് കള്ളുവാങ്ങിക്കൊടുത്ത് പണിക്കരെകൊണ്ട് പറയിച്ചതാണെന്നാണ് നാട്ടുകാരില്‍ ചിലര്‍ വിശ്വസിക്കുന്നത്. അന്നു തുടങ്ങിയതാണ് മുതലാളിയും കുറുപ്പും തമ്മിലുള്ള ഗള്‍ഫ് വാര്‍.
എന്നാലും നീ എന്‍റെ കൈവിട്ടുപോയല്ലോടീ ഭാര്‍ഗവീ എന്ന മട്ടിലായിരുന്നു മുതലാളിയുടെ നോട്ടം. ആ നോട്ടത്തില്‍ ഭാര്‍ഗവിയമ്മയ്ക്ക് ചെറിയൊരു ചമ്മല്‍ അനുഭവപ്പെട്ടു. വയസ്സുകാലത്ത് മറന്നു തുടങ്ങിയ ലജ്ജ എന്ന വികാരൺ അവരെ മൂടി പൊതിഞ്ഞു. കുറുപ്പിന്‍റെ കണ്ണു ചുവന്നു. പാപ്പനു ചിരി വന്നു.
മുതലാളീ - പാപ്പന്‍ ഒന്നും മനസ്സിലാകാത്ത മട്ടില്‍ വിളിച്ചു. മുതലാളിയും ഭാര്‍ഗവിയും ഒരുമിച്ച് ഞെട്ടി.
ഭാര്‍ഗവിയമ്മയെ തള്ളി നീക്കി പാപ്പന്‍ മുതലാളിയുടെ തോളത്ത് കൈവച്ച് പറഞ്ഞു.
മുതലാളി നമുക്കിതു പരിഹരിക്കണം. മുള്ളിനെ മുള്ളുകൊണ്ട് എടുക്കണം. ഒരു വെടികാരണം പോയ കേള്‍വി മറുവെടികൊണ്ട് ശരിപ്പെടുത്തണം - മുതലാളിയുടെ മുഖം തെളിഞ്ഞു.
അതെങ്ങനെ
ഞാന്‍ പറയാം.
കുറുപ്പിന്‍റെ വികാരത്തെ മാനിക്കാതെ ഭാര്‍ഗവിയമ്മ തുടര്‍ന്നു.
ആദ്യത്തെ വെടികേട്ടപ്പോഴാണല്ലോ മൂളല്‍ തുടങ്ങിയത്. അതിനു പരിഹാരവും വെടി തന്നെ. അതേപോലെ ഒരു വെടി കൂടെ വെക്കുക അപ്പൊ ചെവി തുറക്കും.
തോളത്തു കിടന്ന തോര്‍ത്ത് ഒന്നുകൂടെ വലിച്ചു ചുറ്റിക്കൊണ്ട് അവര്‍ പറഞ്ഞു നിര്‍ത്തി.
അപ്പു മുതലാളിയുടെ മുഖത്ത് പ്രതീക്ഷയുടെ ഒരു പൂത്തിരി കത്തി. അയാള്‍ പുഞ്ചിരിയോടെ ഭാര്‍ഗവിയമ്മയെ നോക്കി. ഭാര്‍ഗവിയമ്മ തല താഴ്ത്തി കുറുപ്പിന്‍റെ മുഖം പിന്നെയും ചുവന്നു.
ഉത്സവത്തിന്‍റെ അവസാന ദിവസമായിരുന്നു അന്ന്. വൈകുന്നേരമുള്ള താലപ്പൊലിയും എഴുന്നള്ളത്തും ബഹുകേമമാണ്. പതിവില്ലാതെ അപ്പുമുതലാളിയുടെ കടയുടെ മുന്പില്‍ ഒരു ആള്‍കൂട്ടമായിരുന്നു. മുന്പില്‍ തന്നെ പാപ്പനും കുറുപ്പും മെന്പറും ഭാര്‍ഗവിയമ്മയും എല്ലാം ഉണ്ടായിരുന്നു. ബലൂണും കാറ്റാടിയും കാത്തിരിക്കുന്ന കുട്ടികളെക്കാള്‍ ആകാംക്ഷയുണ്ടായിരുന്നു അവരുടെ മുഖത്ത്. അതിന്‍റെ ഇടയില്‍കൂടി ഇടയ്ക്കിടയ്ക്ക് മുതലാളിയുടെ മുഖവും മിന്നി മായുന്നുണ്ടായിരുന്നു.
താലപ്പൊലിയും പഞ്ചവാദ്യവും എഴുന്നള്ളത്തും മെല്ലെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ദൂരേന്നു കേട്ടു തുടങ്ങിയിരുന്ന വെടി ശബ്ദം അടുത്തു തുടങ്ങി. ആ ശബ്ദം അടുക്കുന്തോറും മുതലാളിയുടെ കടയുടെ മുന്പിലെ കൂട്ടത്തിന്‍റെ ആവേശവും കൂടിത്തുടങ്ങി. കുത്തിയിരുന്ന കുറുപ്പ് പയ്യെ നടുതിരുമ്മി എണീറ്റു നിന്ന് എത്തിനോക്കി. പാപ്പന്‍റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.
ദേ ആ വെടിവഴിപാടു പയ്യന്‍ വരുന്നു.
കൈയിലിരുന്ന ചുവന്ന ഡയറി ചൂണ്ടിപിടിച്ച് മെന്പര്‍ പറഞ്ഞു. പാപ്പന്‍ പയ്യന്‍റെ അടുത്തേക്കോടി. പാപ്പന്‍റെ വരവു കണ്ട് പയ്യന്‍ ഭയന്ന് തിരിഞ്ഞോടാന്‍ ഭാവിച്ചു.
നീ പേടിക്കാതെടാ ചെറുക്കാ, നിന്നെ ഞാനൊന്നും ചെയിയ്ല്ല.
പാപ്പന്‍ ശ്വാസം എടുക്കാന്‍ ഉള്ള ശ്രമത്തിനിടെ പറഞ്ഞു. കുന്തു വിഴുങ്ങിയപോലെ വെടിക്കുറ്റിയും പിടിച്ചവന്‍ നിന്നു.
ഒരു ചെറിയ ആഘോഷത്തോടെയാണ് ആ പയ്യനെ അപ്പു മുതലാളിയുടെ കടയിലേക്ക് കൊണ്ടുവന്നത്. പയ്യനപ്പോഴും ഒന്നും മനസ്സിലായില്ല. അവന്‍റെ മുഖത്ത് ഭയം തത്തിക്കളിച്ചു. പയ്യനെ കണ്ടപ്പോള്‍ അപ്പു മുതലാളി കസേരയില്‍ നിന്നും എണീറ്റു. പട്ടാളത്തില്‍ യുദ്ധത്തിനു പോയി വന്ന മകനെ കണ്ട ഒരച്ഛന്‍റെ വികാരമായിരുന്നു അയാളുടെ മുഖത്ത്.
നിന്‍റെ കൈയിലെ ഏറ്റവും വല്യ വെടിക്ക് എത്രയാ രൂപ. - കുറുപ്പാണ് ചോദിച്ചത്.
പ...പ... പത്ത് രൂപ - അവന്‍ പറഞ്ഞു. അവന്‍റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. ചുണ്ടുകള്‍ വിരണ്ടു. കള്ളനെ കണ്ട് തോക്കെടുക്കുന്ന പോലീസിനെപോലെ മടിക്കുത്തില്‍ നിന്നും കുറുപ്പ് പത്ത് രൂപയുടെ ഒരു നോട്ടെടുത്തു നീട്ടി.
വെക്കെടാ വെടി - അയാള്‍ ഗര്‍ജിച്ചു. പയ്യന്‍ കയ്യില്‍ ഇരുന്ന ഏറ്റവും വലിയ വെടിക്കുറ്റിയെടുത്തു. മിന്നാമുനുങ്ങുപോലെ മിന്നിനിന്ന കയര്‍ എടുത്ത് അവന്‍ ഊതി. തീക്കനല്‍ ഒന്നുകൂടി ശക്തിയില്‍ പ്രകാശിച്ചു. കനല്‍ വെടിക്കുറ്റിയുടെ അടുത്തേക്ക് നീങ്ങി. കുറുപ്പും സംഘവും ചെവിപൊത്തി കുനിഞ്ഞു. മുതലാളിയുടെ മുഖത്ത് പ്രതീക്ഷയുടെ പുഞ്ചിരി വിടര്‍ന്നു. പയ്യന്‍റെ മുഖത്തു നിന്ന് ഒരു തുള്ളി വിയര്‍പ്പ് നിലത്ത് ഊറ്റി വീണു. - പയ്യന്‍റെ മുഖത്തു നിന്ന് ഒരു തുള്ളി വിയര്‍പ്പ് നിലത്ത് ഊറ്റി വീണു. ശ്.... ശ്..... ശ്.... വെടിക്കുറ്റി കത്തി തുടങ്ങി. ഒരു നിമിഷം നിശബ്ദം. ഠോ ആ നാടെങ്ങും കുലുങ്ങി. അതിന്‍റെ പിറകെ അയ്യോ എന്ന മുതലാളിയുടെ വിളിയും ചെവിയും കണ്ണും പൊത്തി നിന്നവര്‍ മെല്ലെ കണ്ണു തുറന്നു. പിന്നെ ചെവിയും. കടയ്ക്കുള്ളില്‍ ആകെ കറുത്ത പുക മാത്രം. കൈയിലിരുന്ന തോര്‍ത്തെടുത്ത് കുറുപ്പ് വീശി.
പയ്യെ പുക തെളിഞ്ഞു തുടങ്ങി. പുകയ്ക്ക് പിന്നില്‍ അതാ ഒരു കറുത്ത രൂപം. വായില്‍ നിന്നും മൂക്കില്‍ നിന്നും പുക വരുന്നുണ്ടായിരുന്നു. മുഖത്ത് വെച്ചിരുന്ന കണ്ണടയുടെ ചില്ലുകള്‍ പൊട്ടിയിരിക്കുന്നു. വായ് പിളര്‍ന്നു അങ്ങനെ നില്‍ക്കുകയാണ്. അതെ അപ്പു മുതലാളി തന്നെ. പയ്യന്‍റെ പൊടിപോലുമില്ലായിരുന്നു അവിടെയെങ്ങും.
മുതലാളിയുടെ നില്പ് കണ്ട് കൂട്ടത്തില്‍ ഉണ്ടായിരുന്നവരെല്ലാം നാലുപാടും ഓടി. അവസാനം കുറുപ്പും ഭാര്യയും പാപ്പനും മാത്രമായി.
മുതലാളീ - പാപ്പന്‍ പയ്യെ വിളിച്ചു. അപ്പു മുതലാളി ഒന്നും പറയാതെ, വായ് പോലും അടക്കാതെ കസേരയില്‍ ഇരുന്നു. പൊട്ടിയ കണ്ണട മുഖത്തു നിന്നും താഴെ വീണു. കുറുപ്പും ഭാര്യയും മുഖത്തോടു മുഖം നോക്കി. കൈയിലിരുന്ന തോര്‍ത്തെടുത്ത് കുറുപ്പ് മുതലാളിയുടെ മുഖം തുടച്ചു. പാപ്പന്‍ തല ചൊറിഞ്ഞു.
പത്തു ദിവസത്തോളം കടയടഞ്ഞു കിടന്നു. പതിനൊന്നാം ദിവസം അപ്പു മുതലാളി കടയിലെത്തി. അന്നും പാപ്പന്‍ പതിവു തെറ്റിക്കാതെ രാവിലെ ഹാജരായി.
മുതലാളീ, സുഖമാണൊ - പാപ്പന്‍ ഉറക്കെ ചോദിച്ചു. നിര്‍വികാരമായി അപ്പു മുതലാളി അയാളെ നോക്കി. പാപ്പന്‍ ആംഗ്യഭാഷയില്‍ എന്തോ കാണിച്ചു. മുതലാളി കഴുത്തില്‍ തൂങ്ങി കിടന്ന എന്തോ രണ്ടു സാധനങ്ങള്‍ എടുത്ത് ചെവിയില്‍ കുത്തികയറ്റി എന്നിട്ട് ചോദിച്ചു.
എന്താാാാ...
സുഖമാണോന്ന്, ഇപ്പോള്‍ ചെവി കേള്‍ക്കാമോ. - പാപ്പന്‍ സര്‍വ്വശക്തിയും എടുത്ത് ചോദിച്ചു.
ഈ കുന്ത്രാണ്ടം വെച്ചാല്‍ ചെറുതായിട്ട് കേള്‍ക്കാം. മാറ്റിയാല്‍ രണ്ടു ചെവിയിലും വണ്ടു മൂളുന്ന ശബ്ദം മാത്ര്.
അപ്പു മുതലാളി നെറ്റി ചുളുക്കി പറഞ്ഞു. ദൂരെയെവിടെയോ ഒരു കതിനാ പൊട്ടുന്ന ശബ്ദം കേട്ടു..